നൂറ് ശതമാനം മാലിന്യമുക്ത നഗരസഭയെന്ന അംഗീകാരമൊക്കെ കിട്ടി, പക്ഷേ നഗര മധ്യത്തിൽ മാലിന്യമല!

നൂറ് ശതമാനം മാലിന്യമുക്ത നഗരസഭയെന്ന പദവിക്ക് കളങ്കം ചാർത്തുന്ന നിലയിലാണ്  ഗുരുവായൂർ നഗര മധ്യത്തിലെ മാലിന്യ കൂമ്പാരം.

got garbage free municipality recognition but 10 feet garbage at center of Guruvayur municipality

തൃശൂർ: പുറമേയ്ക്ക് എല്ലാം ക്ലീൻ ആണ്, എന്നാൽ ഉള്ളിൽ ചിലതെല്ലാം ചീഞ്ഞുനാറുന്നു എന്നതാണ് ഗുരുവായൂർ നഗരസഭയുടെ ഇപ്പോഴത്തെ അവസ്ഥ. നഗരസഭയുടെയും സർക്കാരിന്‍റെയും കണ്ണിൽ ഗുരുവായൂർ നഗരസഭ തീർത്തും മാലിന്യമുക്തമാണ്. അതിന് നൽകാവുന്ന പ്രധാന അംഗീകാരവും നൽകി. എന്നാൽ നഗരസഭയുടെ ചില ഭാഗങ്ങൾ ഇപ്പോഴും മാലിന്യം കൊണ്ട് നിറയുന്നു. നൂറ് ശതമാനം മാലിന്യമുക്ത നഗരസഭയെന്ന പദവിക്ക് കളങ്കം ചാർത്തുന്ന നിലയിലാണ്  ഗുരുവായൂർ നഗര മധ്യത്തിലെ മാലിന്യ കൂമ്പാരം.

മാലിന്യമല പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അത് ഉടൻ നീക്കം ചെയ്തില്ലെങ്കിൽ  സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ടൗൺ ഹാൾ നവീകരണവുമായി ബന്ധപ്പെട്ട് കാട് വെട്ടി തെളിച്ചപ്പോഴാണ് മാലിന്യ കൂമ്പാരം വെളിച്ചത്തായത്. തദ്ദേശ ദിനാഘോഷത്തിന്‍റെ ഭാഗമായി ടൗൺഹാൾ പരിസരത്ത് നിന്ന് ശേഖരിച്ച മാലിന്യവും ഹരിത കർമ്മ സേന ശേഖരിച്ച് തരം തിരിച്ച മാലിന്യവുമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ടൗൺഹാളിന് സമീപത്ത് നഗരസഭയുടെ സ്ഥലത്തു തന്നെ 10 അടിയോളം ഉയരത്തിലാണിത്.  

Latest Videos

ഇവിടെ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ കരാർ നൽകിയിരുന്നുവെന്നാണ് നഗരസഭ പറയുന്നത്. കരാറുകാർ ജൈവ മാലിന്യങ്ങൾ കൊണ്ടുപോയെങ്കിലും അജൈവ മാലിന്യങ്ങൾ ഇവിടെത്തന്നെ ഉപേക്ഷിച്ചു. പ്രതിപക്ഷ കൗൺസിലർമാർ കെ പി ഉദയന്‍റെ നേതൃത്വത്തിൽ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. കൂട്ടിയിട്ടിരിക്കുന്ന മാലിന്യം സംസ്കരിക്കാൻ തയ്യാറായില്ലെങ്കിൽ സമര പരിപാടിയുമായി രംഗത്തിറങ്ങുമെന്ന് ഉദയൻ പറഞ്ഞു. മാലിന്യത്തിന്‍റെ മറവിൽ ലോഡ് കണക്കിന് മണ്ണ് കടത്തിക്കൊണ്ടു പോയതായും കൗൺസിലർമാർ ആരോപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ നഗരസഭയുടെ ഉപയോഗശൂന്യമായ വാഹനങ്ങളും കോൺക്രീറ്റ് മാലിന്യങ്ങളും ഇവിടെ തള്ളിയിട്ടുണ്ട്. എന്നാൽ ഇതേ സമയം മാലിന്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചതായി ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.

ഗുരുവായൂർ ക്ഷേത്ര നഗരിയിലെ മാലിന്യ പ്രശ്നത്തെ ചൊല്ലി കൗൺസിൽ യോഗവും പ്രക്ഷുബ്ധമായിരുന്നു. ചക്കംകണ്ടത് ശുചിമുറി മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി ഉടമക്കെതിരെയും ഡ്രൈവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. നേരത്തെ മാലിന്യം തള്ളിയതിന് പിഴ ഈടാക്കിയവരാണ് വീണ്ടും തള്ളാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്ന് പിഴ ഈടാക്കി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ചെയർമാൻ വ്യക്തമാക്കി.

രണ്ട് തവണ വളകൾ പണയം വച്ച് 186000 രൂപ വാങ്ങി, മൂന്നാം തവണ പിടിവീണു; സ്വർണം പൂശിയ വളകളുമായെത്തിയ യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!