തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ചാണ് ഡാനി മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ട് കാലു പിടിപ്പിക്കുകയും ഭീഷണിപ്പെടുത്തി കാലിൽ ചുംബിപ്പിക്കുയും ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിച്ച് മാപ്പുപറയിക്കുകയും കാലിൽ ചുംബിപ്പിക്കുകയും ചെയ്ത ഗുണ്ട രാജ്യം വിട്ടതായി സൂചന. ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ എയർപോർട്ട് ഡാനിക്കെതിരെ ഒടുവിൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ നിയമ നടപടിയെടുത്തോടെ വെങ്കിടേഷ് എന്ന യുവാവിനെ അപമാനിച്ച ഡാനി വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന.
എയർപോർട്ട് ഡാനിയെന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന ഗുണ്ട നടുറോഡിൽ യുവാവിനെ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ചാണ് ഡാനി മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ട് കാലു പിടിപ്പിക്കുകയും ഭീഷണിപ്പെടുത്തി കാലിൽ ചുംബിപ്പിക്കുയും ചെയ്തത്. ആക്രമിക്കപ്പെടുമെന്ന ഭീതിയിൽ ദയനീയമായി ഡാനിയുടെ കാലുപിടിക്കുന്ന വെങ്കിടേഷിന്റെ ദൃശ്യം ഡാനിയുടെ കൂട്ടാളികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഡാനിയുടെ ക്രൂര കൃത്യത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടും ഇയാളെ കണ്ടെത്താനോ സംഭവം അന്വേഷിക്കാനോ പൊലീസ് ആദ്യം തയ്യാറായില്ല.
മാധ്യമങ്ങൾ പൊലീസിനെ വിമർശിച്ച് വാർത്ത നൽകിയതിന് പിന്നാലെയാണ് പൊലീസ് കഴിഞ്ഞ ദിവസം വെങ്കിടേഷിനെ കണ്ടെത്തി മൊഴിയെടുത്തത്. എസ്.സി-എസ്ടി അതിക്രമനിരോധന വകുപ്പ് പ്രകാാരവും മർദ്ദിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ കുറിച്ച് തുമ്പ പൊലീസ് പറയുന്നത് ഇങ്ങനെയാണ്- ഗുണ്ടാലിസ്റ്റിൽ ഉള്‍പ്പെട്ട ഡാനിയും വെങ്കിടേഷും സുഹൃത്തുക്കളായിരുന്നു. ഡാനിയുടെ ഭാര്യയുമായുള്ള വെങ്കിടേഷിന്‍റെ സൗഹൃദത്തിൽ സംശയിച്ച് കഴിഞ്ഞയാഴ്ച നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വച്ച് വെങ്കിടേഷിനെ ഡാനി മർദ്ദിച്ചു. മൊബൈൽ ഫോൺ തട്ടിയെടുത്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ കാണാൻ വെങ്കിടേഷ് എത്തിയപ്പോഴായാിരുന്ന മർദ്ദനം.
ഇതിന് ശേഷമാണ് മൊബൈൽ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞ് വെങ്കിടേഷിനെ വീണ്ടും വിളിച്ചുവരുത്തി ഡാനി തന്‍റെ കാലുപിടിപ്പിച്ചത്. യുവാവിനോട് ക്രൂരമായി പെരുമാറിയ ഡാനി വിദേശത്തേക്ക് മുങ്ങിയെന്നാണ് സൂചന. ചാക്ക, വലിയതുറ കേന്ദ്രീകരിച്ച് ഗുണ്ടസംഘത്തെ നയിക്കുന്ന ഡാനിക്ക് രാഷ്ട്രീയ സംരക്ഷമുള്ളതുകൊണ്ടാണ് പൊലിസ് കേസെുക്കാൻ മടിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ആദ്യം മർദ്ദിച്ച സമയത്ത് ആ വിവരമറിഞ്ഞ് വഞ്ചിയൂർ പൊലീസ് അവിടേയ്ക്ക് എത്തിയെങ്കിലും ആരും പരാതിപ്പെട്ടില്ല എന്ന് പറഞ്ഞ് നിയമനടപടി എടുക്കാതെ മടങ്ങിയിരുന്നു.
പിന്നീടാണ് ഡാനി വെങ്കിടേഷിനെ വീണ്ടും വിളിച്ചുവരുത്തുന്നതും പരസ്യമായി അവഹേളിക്കുന്നതും. പോലീസിനെ പോലും വെല്ലുവിളിക്കുന്ന തരത്തിൽ ഗുണ്ടകൾ തലസ്ഥാനത്ത് അഴിഞ്ഞാടുന്നത് ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യം തടയേണ്ട പൊലീസ്, വാർത്തയും വിവാദവും ആകുന്നത് വരെ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ആശങ്കയാണ് പൊതുസമൂഹത്തിന് ഉണ്ടാക്കുന്നത്.
Read More : ഏഴ് ജില്ലകളിൽ ഇന്ന് മഴ സാധ്യത, തീരപ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം, അറിയിപ്പുകൾ ഇങ്ങനെ...
ഗുണ്ടയുടെ കാലുപിടിപ്പിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ