5 പവൻ മോഷ്ടിച്ചെന്ന് സംശയം, വൈരാഗ്യം; കോട്ടക്കലിൽ നിന്ന് കത്തി വാങ്ങി സുഹൃത്തിനെ കൊന്നു,പ്രതിക് ജീവപര്യന്ത്യം

By Web Team  |  First Published Nov 8, 2024, 4:04 PM IST

30 വർഷമായി കുടുംബസമേതം രണ്ടത്താണിയിൽ താമസിക്കുന്ന മധുകറും പ്രതി രാജനും സുഹൃത്തുക്കളും, സ്വർണപ്പണിക്കാരുമാണ്. ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അന്ന് പ്രതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവൻ തൂക്കംവരുന്ന സ്വർണം കാണാതായി.


മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. രണ്ടത്താണി ആറ്റുപുറം താമസിക്കുന്ന കാലടി മറ്റൂർ വില്യമംഗലത്ത് രാജനെയാണ് (72) മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്മി എ.വി. ടെല്ലസ് ശിക്ഷിച്ചത്. മഹാരാഷ്ട്ര സാംഗ്ലി രേവൻഗംഗമാല കാടാവ് ബോറോഗാവ് ജാതവ് വീട്ടിൽ താനാജിയുടെ മകൻ മധുകർ എന്ന സഞ്ജയ് (42) ആണ് കൊല്ലപ്പെട്ടത്. 2016 മാർച്ച് 28ന് രാവിലെ 8.45നാണ് കേസിനാസ്പദമായ സംഭവം. 

30 വർഷമായി കുടുംബസമേതം രണ്ടത്താണിയിൽ താമസിക്കുന്ന മധുകറും പ്രതി രാജനും സുഹൃത്തുക്കളും, സ്വർണപ്പണിക്കാരുമാണ്. ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അന്ന് പ്രതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവൻ തൂക്കംവരുന്ന സ്വർണം കാണാതായി. ഇത് മധുകർ മോഷ്ടിച്ചതാണെന്ന് പ്രതി ആരോപിച്ചിരുന്നു.  മധുകർ ആരോപണം നിഷേധിച്ചു. സ്വർണം തിരികെ നൽകണമെന്ന രാജന്‍റെ ആവശ്യവും മധുകർ നിരാകരിച്ചു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Latest Videos

undefined

കോട്ടക്കലിൽനിന്ന് വാങ്ങിയ കത്തിയുമായി മധുകറിന്റെ പുത്തനത്താണി തിരൂർ റോഡിലുള്ള കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി മധുകറിന്റെ കൈക്കും വയറിനും കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൽപകഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർമാരായിരുന്ന കെ.ജി. സുരേഷ്, കെ.എം. സുലൈമാൻ, എസ്.സി.പി.ഒമാരായ ഇഖ്ബാൽ, ശറഫുദ്ദീൻ എന്നിവരാണ് അന്വേഷിച്ചത്.

കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ്, 90,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷത്തെ അധിക കഠിനതടവ്, അതിക്രമിച്ചു കയറിയതിന് ഏഴുവർഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ഷാജു 33 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 31 രേഖകളും 12 തൊണ്ടി മുതലുകളും ഹാജരാക്കി. എ.എസ്.ഐ പി. ഷാജിമോൾ. സി.പി.ഒ അബ്ദുൽ ഷുക്കൂർ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Read More : കൂട്ടുകാരന്‍റെ മകളെ പീഡിപ്പിച്ചു, പെരുമ്പാവൂരിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മുങ്ങി;അസമിലെത്തി പിടികൂടി പൊലീസ് 

click me!