പേഴക്കാപള്ളിയിൽ പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു
മൂവാറ്റുപുഴ: പേഴക്കാപള്ളിയിൽ പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഇടപ്പാറ ബാവയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബാവയും കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. വാതിലുകൾ പൂട്ടി താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും താക്കോലെടുത്ത് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്.
രണ്ട് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണവും, രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയിട്ടുള്ളത്. മോഷണത്തിന് ശേഷം താക്കോൽ യഥാസ്ഥാനത്ത് വച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടാപ്പകൽ ഇത്തരത്തിലുള്ള ഒരു മോഷണം നടന്നത് നാട്ടുകാരെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്.
Read more: യുഎഇയിലെ കടകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് വിറ്റിരുന്ന സംഘം പിടിയില്‍
അതേസമയം, വയനാട് കൽപ്പറ്റ നഗരത്തിലെ ബീവറേജസ് കോര്‍പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തി വില കൂടിയ മദ്യക്കുപ്പികള്‍ സ്ഥിരമായി മോഷ്ടിക്കുന്ന പ്രതി അറസ്റ്റിലായ വാർത്തയും എത്തി. മുട്ടിൽ സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. വിവിധ ദിവസങ്ങളിലായി ഹെല്‍മറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാര്‍ കല്‍പ്പറ്റ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്റ്റോക്കെടുക്കുമ്പോള്‍ വില കൂടിയ ചില ബ്രാന്‍ഡ് മദ്യങ്ങള്‍ കാണാതാവുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇക്കാര്യം പരിശോധിച്ചെങ്കിലും മോഷണം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഔട്ട്ലെറ്റിനുള്ളില്‍ ക്യാമറ സൗകര്യങ്ങളും ജീവനക്കാരും കുറവായിരുന്നു. ഇതിന് പരിഹാരമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും കൂടുതല്‍ ക്യാമറകള്‍ പുതിയതായി സ്ഥാപിക്കുകയും ചെയ്തതോടെയാണ് മോഷണം നടന്നതായി വ്യക്തമായതെന്ന് ഔട്ട്ലെറ്റ് അധികൃതര്‍ പറഞ്ഞു. പതിവായി ഹെല്‍മറ്റും കോട്ടും ധരിച്ചാണ് മദ്യം മോഷ്ടിക്കാനായി പ്രതി എത്തിയിരുന്നത്.
വിലകൂടിയ മദ്യം എടുത്ത് ഒളിപ്പിച്ചതിന് ശേഷം വിലകുറഞ്ഞ ടിന്‍ ബിയര്‍ വാങ്ങി പണവും നല്‍കി ഔട്ട്‍ലെറ്റില്‍ നിന്ന് ഇയാള്‍ പുറത്തേക്ക് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍മറ്റ് ധരിച്ച് ഔട്ട്‍ലെറ്റില്‍ പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനത്തിലാണ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍.