കുട്ടിയുടെ മൃതദേഹം അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് കണ്ടെടുത്തത്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
കോട്ടയം: കോട്ടയം അയ്മനത്തിനടുത്ത് കരിമഠത്ത് സർവീസ് ബോട്ട് തടി വള്ളത്തിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു. കുടവച്ചൂർ സെൻറ് മൈക്കിൾ സ്കൂളിലെ വിദ്യാർഥിനി അനശ്വരയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം സ്കൂളിലേക്ക് പോകും വഴിയായിരുന്നു ദാരുണമായ അപകടം. കുട്ടിയുടെ മൃതദേഹം അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് കണ്ടെടുത്തത്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
ചെറിയ ഇടത്തോടിൽ നിന്ന് പ്രധാന ജലപാതയിലേക്ക് കടക്കുന്ന സമയത്താണ് ദുരന്തമുണ്ടായത്. അതുവഴി ഒരു സർവ്വീസ് ബോട്ട് വരുന്നുണ്ടായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വള്ളം വലിയ സർവ്വീസ് ബോട്ടിന്റെ മുന്നിലേക്ക് പെടുകയും വളളത്തിന്റെ കൃത്യം മധ്യഭാഗത്ത് സർവ്വീസ് ബോട്ട് വന്നിടിക്കുകയുമായിരുന്നു. അമ്മയും സഹോദരിയും അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ അനശ്വര വെള്ളത്തിലേക്ക് വീണു.
അമ്മ കയ്യിൽ പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും കയ്യിൽ നിന്ന് കുട്ടി വഴുതിപ്പോകുകയായിരുന്നു. തുടർന്ന് 3 മണിക്കൂർ നേരം കോട്ടയത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ് 12 മണിയോടെ കുട്ടിയുടെ മൃതദേഹം അപകടം നടന്ന സ്ഥലത്തിന് അടുത്ത് നിന്ന് കണ്ടെത്തുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.