പകല്‍ ഒളിച്ചിരിക്കും അന്തിയാവുന്നതോടെ തോട്ടങ്ങളിലിറങ്ങി വൻ വിളനാശം, ഒച്ച് ശല്യത്തില്‍ വലഞ്ഞ് നാട്, രോഗ ഭീതിയും

By Web Team  |  First Published Sep 20, 2023, 1:01 PM IST

ഒച്ചുകളിൽ നിന്ന് കുട്ടികൾക്ക് രോഗം പടരുമോയെന്നാണ് ഭീതിയിലാണ് വീട്ടമ്മമാർ ഉള്ളത്. കർഷകരുടെ വിളകളെല്ലാം ഒച്ചുകൾ മണിക്കൂറുകൾ കൊണ്ടാണ് തിന്ന് നശിപ്പിക്കുന്നത്.


കുട്ടമ്പുഴ: എറണാകുളം കോതമംഗലത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം. കുട്ടന്പുഴ പഞ്ചായത്തിലെ വീടുകളിലും കൃഷിയിടങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ നിറയുകയാണ്. കൃഷികളിലും വീടിന്റെ ഭിത്തികളിലും ഒച്ച് ശല്യമാണ്. സൂര്യ പ്രകാശത്തില്‍ പുറത്തിറങ്ങാത്ത ഇവ വൈകുന്നേരത്തോടെ ആക്രമണം അഴിച്ച് വിടുന്ന സ്ഥിതിയാണുള്ളതെന്നാണ് പഞ്ചായത്ത് അംഗം ജോഷി പറയുന്നത്.

ഉരുളൻതണ്ണി, ക്ണാച്ചേരി തുടങ്ങി വനത്തിനോട് ചേർന്ന പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാവുന്നത്. വീടിന്റെ അകത്തും പറമ്പിലും ഒച്ചുകൾ വിഹരിച്ച് തുടങ്ങിയതോടെ നാട്ടുകാർ പ്രതിസന്ധിയിലായി. പലർക്കും ചെറിച്ചിലും മറ്റ് അസുഖങ്ങളും അനുഭവപ്പെടുന്നുണ്ട്. ഒച്ചുകളിൽ നിന്ന് കുട്ടികൾക്ക് രോഗം പടരുമോയെന്നാണ് ഭീതിയിലാണ് വീട്ടമ്മമാർ ഉള്ളത്. കർഷകരുടെ വിളകളെല്ലാം ഒച്ചുകൾ മണിക്കൂറുകൾ കൊണ്ടാണ് തിന്ന് നശിപ്പിക്കുന്നത്.

Latest Videos

ലോകത്തിലെ തന്നെ നൂറ് അക്രമി ജീവി വര്‍ഗത്തില്‍പ്പെട്ട ഒന്നാണ് ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍. വിളകള്‍ നശിപ്പിക്കുന്നത് മാത്രമല്ല ഇവയേ കൊണ്ടുള്ള ശല്യം. കുടിവെള്ള ശ്രോതസുകള്‍ വലിയ രീതിയില്‍ ഇവ മലിനമാക്കുകയും ചില പരാദ വിരകള്‍ക്ക് താമസം ഒരുക്കുകയും ചെയ്യുക മൂലം രോഗം പടരാനും കാരണമാകുന്നുണ്ട്. ആറ് മുതല്‍ 10 വയസ് വരെയാണ് സാധാരണ നിലയില്‍ ഇവയുടെ ആയുസ്. മണ്ണിനുള്ളില്‍ കുഴി തീര്‍ത്ത് അതിനുള്ളിലിരുന്നാണ് ഇവ ചൂടിനെ അതിജീവിക്കുന്നത്. 

ഉപ്പും മറ്റ് ലായിനികളും ഉപയോഗിച്ച് ഇവയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. നിലവില്‍ ഒച്ചുകളെ തുരത്താന്‍ വനം വകുപ്പും നാട്ടുകാരും ചേ‍ർന്ന് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. തട്ടേക്കാട് ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗെയ്ഡുകളും ഈ പ്രവര്‍ത്തനത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!