ഗുണ്ടകളുടെ നീക്കങ്ങൾ മനസിലാക്കാൻ ജിയോ മാപ്പിങ്; 6 മാസം കൊണ്ട് 68 ക്രിമിനലുകളെ പിടികൂടിയതായി കഠിനംകുളം പൊലീസ്

പ്രതികൂല സാഹചര്യങ്ങൾ അവഗണിച്ച് പൊലീസുകാർ നടത്തിയ പരിശ്രമത്തിലൂടെയാണ് ഇത്രയും ക്രിമിനലുകളെ ആറ് മാസം കൊണ്ട് പിടികൂടാൻ സാധിച്ചത്


തിരുവനന്തപുരം:  തീരദേശത്ത് ക്രമസമാധാനം നശിപ്പിക്കുകയും ലഹരിക്കടത്തും വിൽപനയും നടത്തുകയും ചെയ്തിരുന്ന 68 കുറ്റവാളികളെ ആറുമാസം കൊണ്ട് പിടികൂടിയതായി കഠിനംകുളം പൊലീസ്. ഇതിൽ 17 ഗുണ്ടകളെ കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു. 55 ഓളം കേസുകളിലെ പ്രതിയായ പഞ്ചായത്ത് ഉണ്ണി, എംഡിഎംഎ കേസുകളിലെ പ്രതിയായ വിഷ്ണു തമ്പുരു, ജിജോ അപ്പു തുടങ്ങിയവരെല്ലാം ഇപ്പോൾ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണ്.

കൂടാതെ, ലഹരികേസുകളിൽ പൊലീസ് എത്തുമ്പോൾ സ്ത്രീകളെ ഉപയോഗിച്ച് പ്രതിരോധം തീർക്കുന്ന സംഭവങ്ങൾ പതിവായതോടെ അത്തരം കേസുകളിൽ  വനിതാ ഉദ്യോഗസ്ഥരെ ഇറക്കി സ്ത്രീകളെയും ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുത്ത് വിവരം ശേഖരിച്ചു. ലഹരി കേസുകൾ വർധിച്ചത് കണക്കിലെടുത്ത് പ്രത്യേകം തയാറാക്കിയ പ്ലാൻ വച്ചാണ് മുന്നോട്ട് പോയതെന്നും പ്രദേശത്തെ വാർഡ് മെമ്പർമാരും ദേവാലയങ്ങളിലെ പുരോഹിതരന്മാരടക്കം സഹായിച്ചാണ് ഇത്രയും കുറ്റവാളികളെ പിടികൂടാനായതെന്നും കഠിനംകുളം എസ്എച്ച്ഒ പറയുന്നു.

Latest Videos

തിരുവനന്തപുരം റൂറൽ ജില്ലാമേധാവിയുടെ നിർദ്ദേശപ്രകാരം ഗുണ്ടകൾക്കെതിരെ പ്രതിരോധ നടപടികൾ ആറുമാസങ്ങൾക്ക് മുൻപുതന്നെ കഠിനംകുളം  ഇൻസ്‌പെക്ടർ ബി. എസ്. സജന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നെന്ന് പൊലീസ് പറയുന്നു . തീരദേശ നിവാസികളുടെ പൊലീസിനോടുള്ള സമീപനത്തിൽ ആദ്യംതന്നെ മാറ്റം വരുത്താനുള്ള നടപടികൾ സ്വീകരിച്ചു. ജനപ്രതിനിധികളെ നിരന്തരമായി ബന്ധപ്പെട്ടും ജാതിമത സാംസ്കാരിക രാഷ്ട്രിയ വിഭാഗങ്ങളെ ഉൾകൊള്ളിച്ചും നിരവധി പദ്ധതികൾ നടപ്പാക്കിയതിലൂടെയും  ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിലൂടെ സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ ഒപ്പം ചേർന്നതായി എസ്.എച്ച്.ഒ പറയുന്നു

ഐജി ശ്യാം സുന്ദർ  ആരംഭിച്ച ജിയോമാപ്പിങ് സംവിധാനം കഠിനംകുളം സ്റ്റേഷനിൽ നടപ്പാക്കിയതിന്റെ ഫലമായി ഗുണ്ടകളുടെ നീക്കങ്ങൾ മുൻകൂട്ടി മനസിലാക്കി അവരെ പിടികൂടാനായി. എല്ലാ ഗുണ്ടകളും പൊലീസ് നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനിടയിലും സ്റ്റേഷനിലെ അപര്യാപ്തതകൾ കാരണം പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്തു. സ്റ്റേഷനിലെ രണ്ട് പൊലീസ് വാഹനങ്ങളും തകരാറിലാണ്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കുറ്റവാളികളെ കണ്ടെത്താനായി നടത്തിയ പരിശ്രമം വിജയം കാണുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!