പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നാല് ലക്ഷം രൂപയുടെ നാശനഷ്ടം

By Web Team  |  First Published Jan 7, 2023, 1:04 PM IST

 ഗ്യാസ് സിലിണ്ടറിന്‍റെ റഗുലേറ്റർ തീ പിടിച്ച്  ഊരിത്തെറിക്കുകയും അടുക്കളയിലേക്ക് തീ പടരുകയുമായിരുന്നു. 


തിരുവനന്തപുരം: ആര്യനാട്  പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് അടുക്കള ഏതാണ്ട് പൂര്‍ണ്ണമായും കത്തി. ഈ സമയം അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്യനാട് ഇറവൂർ മൃണാളിനി മന്ദിരത്തിൽ കെ രതീഷിന്‍റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം. തീ പിടിത്തത്തെ തുടര്‍ന്ന് ഗൃഹോപകരണങ്ങളും വയറിങ്ങുകളും കത്തി നശിച്ചു.രതീഷിന്‍റെ ഭാര്യ ആതിര പാചകം ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദം കേട്ടു. അപ്പോള്‍ തന്നെ അമ്മ അംബിയെയും കൂട്ടി ഇവര്‍ വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. തൊട്ടു പിന്നാലെ ഗ്യാസ് സിലിണ്ടറിന്‍റെ റഗുലേറ്റർ തീ പിടിച്ച്  ഊരിത്തെറിക്കുകയും അടുക്കളയിലേക്ക് തീ പടരുകയുമായിരുന്നു. ഫ്രിഡ്ജ്, മിക്സി, ഇൻഡക്‌ഷൻ കുക്കർ, പാത്രങ്ങൾ, സ്വിച്ച് ബോർഡ് എന്നിവയിലേക്കും തീ പടർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് മുറികളിലേക്ക് തീ പടര്‍ന്നില്ല. തുടര്‍ന്ന് ഗ്യാസ് സിലിണ്ടർ പുറത്തേക്ക് മാറ്റി. നെടുമങ്ങാട്  അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതനുസരിച്ച് അവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാല്  ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി രതീഷ് പറഞ്ഞു.

ഇതിനിടെ തിരുവനന്തപുരത്തുണ്ടായ ലോറി അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍  ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവറിന് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വട്ടപ്പാറ നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന ഗ്യാസ് കൊണ്ട് പോയ ലോറിയും കിളിമാനൂർ ഭാഗത്ത് നിന്നും വട്ടപ്പാറ ഭാഗത്തേക്ക് പോയ മെറ്റെൽ കയറ്റി വന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഗ്യാസ് കയറ്റി വന്ന ലോറി കെ എസ് ആർ ടി സി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ഗ്യാസ് ലോറിയിലെ ഡ്രൈവറെ പുറത്തെടുക്കാൻ കഴിയാതെ കുടുങ്ങിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Latest Videos

കൂടുതല്‍ വായനയ്ക്ക്:  പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍ 
 

click me!