അമ്മ മരിച്ചു, ഉറ്റവരെല്ലാം കൈയൊഴിഞ്ഞു; വൈകല്യങ്ങളുമായി ജീവിതം തള്ളിനീക്കിയ രാജി ഇനി ഗാന്ധിഭവന്റെ തണലില്‍

By Web Team  |  First Published Sep 13, 2023, 5:48 PM IST

ഗാന്ധിഭവന്‍ പ്രതിനിധികള്‍ എത്തുമ്പോള്‍ അടച്ചുറപ്പില്ലാത്ത ഒരു ചെറിയ കൂരയില്‍ സംസാര വൈകല്യവും, പരസഹായമില്ലാതെ എഴുന്നേല്‍ക്കുവാനോ നടക്കുവാനോ കഴിയാതെ രാജി വെറും നിലത്ത് കിടക്കുന്ന അവസ്ഥയിലായിരുന്നു. 


കൊല്ലം: ജീവിത ദുരന്തത്തില്‍പ്പെട്ട് ഒറ്റപ്പെട്ടുപോയ ബുദ്ധിമാന്ദ്യവും അപസ്മാര ബാധിതയുമായ രാജി എന്ന യുവതിയുടെ കഥ ആരുടെയും കരളലിയിക്കുന്നതാണ്. കുണ്ടറ മുളവന കോട്ടപ്പുറത്ത് ധര്‍മ്മക്കുഴി കിഴക്കേതില്‍ ദാസപ്പന്റെ മകള്‍ രാജിയുടെ അമ്മ രാധാമണി മരണപ്പെട്ടുപോയതാണ്. ലഹരിക്കടിമയായ അച്ഛന്‍ ഉപേക്ഷിച്ചുപോയതോടെ ഏക സഹോദരിയായിരുന്നു ആശ്രയം. 

എന്നാല്‍ ഒരുമാസം മുന്‍പ് രാജിയെ നിഷ്‌കരുണം ഉപേക്ഷിച്ച് സഹോദരി മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോകുകയും ചെയ്തതോടെ രാജിയുടെ അവസ്ഥ ഏറെ പരിതാപകരമായി. ദുര്‍ഗ്ഗന്ധം വമിക്കുന്ന വീട്ടില്‍ മലമൂത്രവിസര്‍ജ്യങ്ങള്‍ക്കിടയില്‍ ഭീതിയോടെ ഒറ്റപ്പെട്ടു കിടന്ന രാജിയുടെ ദയനീയാവസ്ഥ വാര്‍ഡ് മെമ്പറും കുണ്ടറ പോലീസുമാണ് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനെ അറിയിച്ചത്. സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഗാന്ധിഭവന്‍ പ്രതിനിധികള്‍ അവിടെ എത്തുമ്പോള്‍ അടച്ചുറപ്പില്ലാത്ത ഒരു ചെറിയ കൂരയില്‍ സംസാര വൈകല്യവും, പരസഹായമില്ലാതെ എഴുന്നേല്‍ക്കുവാനോ നടക്കുവാനോ കഴിയാതെ രാജി വെറും നിലത്ത് കിടക്കുന്ന അവസ്ഥയിലായിരുന്നു.

Latest Videos

undefined

Read also: ഇനി അഗതികളല്ല, അനാഥരുമല്ല, ഗാന്ധിഭവനിലെ അമ്മമാ‍ർക്ക് യൂസഫലിയുടെ സ്നേഹം; കോടികൾ ചിലവിട്ട ബഹുനില മന്ദിരം സ്വന്തം 

ഉളിയക്കോവിലിലുള്ള ബന്ധുവായ ഷൈലജ ഇടയ്‌ക്കൊക്കെ പരിചരിക്കുവാനായി എത്തുമായിരുന്നു. ഈ ദുരിതാവസ്ഥയില്‍ നിന്നും കുണ്ടറ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എ. അനീഷ്, പഞ്ചായത്തംഗം രജിത എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ഷാഹിദാ കമാല്‍, വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, സി.ഇ.ഒ വിന്‍സെന്റ് ഡാനിയേല്‍, എക്‌സിക്യൂട്ടീവ് മാനേജര്‍ ബി. പ്രദീപ്, ഗാന്ധിഭവന്‍ സേവനപ്രവര്‍ത്തക ബീന എന്നിവര്‍ ചേര്‍ന്ന് രാജിയെ ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തു. രാജിക്ക് മികച്ച ചികിത്സയും സംരക്ഷണവും നല്‍കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

Read also: ചെക്ക് എഴുതിക്കോ; പട്രോൾ വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച് യുഎസ് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!