കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം; 'അരുവിക്കര ഒരുങ്ങുന്നത് വന്‍ പ്രൗഡിയിലേക്ക്'; പ്രഖ്യാപനവുമായി സ്റ്റീഫന്‍

By Web Team  |  First Published Mar 15, 2024, 8:34 AM IST

'ന്യൂമാറ്റിക് സക്ഷന്‍ പമ്പോ, കട്ടര്‍ സക്ഷന്‍ ഡ്രെഡ്ജറോ ഉപയോഗിച്ച് ഡാമില്‍ നിന്നുള്ള മണ്ണും മണലും പമ്പു ചെയ്തു മാറ്റണം.'


തിരുവനന്തപുരം: അരുവിക്കര ഡാമില്‍ നിന്നും എക്കലും മണ്ണും മാറ്റുന്ന നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്ന് ജി സ്റ്റീഫന്‍ എംഎല്‍എ. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ചുമതല. വിശദമായ പദ്ധതി തയ്യാറാക്കി മണ്ണും മണലും മാറ്റുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ച് കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ മണല്‍ മാറ്റല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റീഫന്‍ അറിയിച്ചു. 

ന്യൂമാറ്റിക് സക്ഷന്‍ പമ്പോ, കട്ടര്‍ സക്ഷന്‍ ഡ്രെഡ്ജറോ ഉപയോഗിച്ച് ഡാമില്‍ നിന്നുള്ള മണ്ണും മണലും പമ്പു ചെയ്തു മാറ്റണം. വെള്ളത്തിന്റെ അംശമുള്ള മാലിന്യവും മണലും വേര്‍തിരിക്കാനുള്ള മെഷീനും ഉപയോഗിക്കണം. എന്‍വയണ്‍മെന്റ് മാനേജ്മെന്റ് പദ്ധതി അനുസരിച്ചാവണം കരാറുകാരന്‍ പണികള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും സ്റ്റീഫന്‍ പറഞ്ഞു. 

Latest Videos

undefined


ജി സ്റ്റീഫന്റെ കുറിപ്പ്: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാകുകയാണ്, എല്ലാ സാങ്കേതിക തടസങ്ങളേയും മറികടന്ന് അരുവിക്കര ഡാം അതിന്റെ പ്രൗഡി തിരികെ പിടിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരുവിക്കരയില്‍ എത്തുമ്പോഴാണ് ഡാം റിസര്‍വോയറിന്റെ അവസ്ഥ ഇത്രയധികം ദയനീയം ആണെന്നറിയുന്നത്. തലസ്ഥാനത്തേയ്ക്ക് ശുദ്ധജലം എത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജല സംഭരണിയാണ് അരുവിക്കര ഡാം. എന്നാല്‍ കാലക്രമേണ എക്കലും മണ്ണും നിറഞ്ഞ് ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു. സ: വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് എക്കലും മണ്ണും മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നു എങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആ സാഹചര്യത്തിലാണ് പിന്നീട് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി 2016 ജനുവരിയില്‍ ഇന്നത്തെ മുഖ്യമന്ത്രി, അന്നത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറി  ശ്രീ പിണറായി വിജയന്‍ സംഭരണി പ്രദേശം സന്ദര്‍ശ്ശിക്കുകയും റിസര്‍വോയറിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേത്യത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം വാട്ടര്‍ അതോറിറ്റിയുടെ നേത്യത്വത്തില്‍ പഠനങ്ങള്‍ ആരംഭിക്കുകയും KIIDC യെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

അരുവിക്കരയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. നിരന്തരം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. 2021 നവബര്‍ 3 ന് നിയമസഭയില്‍ ഈ വിഷയത്തില്‍ സബ്മിഷന്‍ ഉന്നയിക്കുകയും മറുപടി നല്‍കിയ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ടെന്‍ഡര്‍ നടപടികളിലേയ്ക്ക് കടക്കുന്ന വിവരം അറിയിക്കുകയും ചെയ്തു. പിന്നെയും സാങ്കേതിക തടസ്സങ്ങളില്‍ കുരുങ്ങി നടപടി ക്രമങ്ങള്‍ വൈകി. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാകുകയാണ്. അരുവിക്കര ഡാമില്‍ നിന്നും എക്കലും മണ്ണും മാറ്റുന്ന നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ചുമതല. വിശദമായ പദ്ധതി തയ്യാറാക്കി മണ്ണും മണലും മാറ്റുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ച് കഴിഞ്ഞു. 

ഒരു വര്‍ഷത്തിനുള്ളില്‍ മണല്‍ മാറ്റല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കരാറുകാരനാണ് പണിയുടെ പൂര്‍ണ ഉത്തരവാദിത്വം. 11,81,85,966 രൂപയാണ് അടങ്കല്‍ കണക്കാക്കിയിരിക്കുന്നത്. മണലും പാറപ്പൊടിയും ഉള്‍പ്പെടെ കുഴിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍നിന്നുള്ള വരുമാനം കരാറുകാരനു ലഭിക്കും. ഇതു കണക്കാക്കി കൂടുതല്‍ തുക ക്വാട്ട് ചെയ്യുന്നവര്‍ക്കാണ് കരാര്‍ ലഭിക്കുക. ന്യൂമാറ്റിക് സക്ഷന്‍ പമ്പോ, കട്ടര്‍ സക്ഷന്‍ ഡ്രെഡ്ജറോ ഉപയോഗിച്ച് ഡാമില്‍നിന്നുള്ള മണ്ണും മണലും പമ്പു ചെയ്തു മാറ്റണം. വെള്ളത്തിന്റെ അംശമുള്ള മാലിന്യവും മണലും വേര്‍തിരിക്കാനുള്ള മെഷീനും ഉപയോഗിക്കണം. എന്‍വയണ്‍മെന്റ് മാനേജ്മെന്റ് പദ്ധതി അനുസരിച്ചാവണം കരാറുകാരന്‍ പണികള്‍ പൂര്‍ത്തിയാക്കേണ്ടത്.

ശേഖരിച്ച മാലിന്യം സൂക്ഷിക്കാനും പ്ലാന്റുകള്‍ സ്ഥാപിക്കാനും പ്രത്യേക സ്ഥലം കണ്ടെത്തണം. റിസര്‍വോയറില്‍ നിന്നു ശേഖരിച്ച മണ്ണ് മഴയത്തോ മറ്റു സാഹചര്യങ്ങളിലോ തിരിച്ചിറങ്ങില്ലെന്ന് ഉറപ്പുവരുത്തിയിരിക്കണം. വെള്ളം തിരിച്ച് റിസര്‍വോയറിലേക്കുതന്നെ വിടണം. പണി നടക്കുമ്പോള്‍ റിസര്‍വോയറിലെ വെള്ളം മലിനമാകാതെ സൂക്ഷിക്കുകയും വേണം. ഡാം വ്യത്തിയാക്കി സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ കുടിവെള്ള പ്രശ്‌നത്തിന് വലിയൊരു പരിഹാരം ആകുകയാണ്. ഒരു വാഗ്ദാനം കൂടി അതിന്റെ പൂര്‍ത്തീകരണത്തിലേയ്ക്ക് കടക്കുകയാണ്. ഒപ്പം ജലാശയം അതിന്റെ പ്രൗഡി വീണ്ടെടുക്കുകയും ചെയ്യുന്നു.

'അവര്‍ അഴിമതിക്കാരെ വെള്ള പൂശുന്നവര്‍, കമ്മ്യൂണിസ്റ്റുകാര്‍ വ്യത്യസ്തരാണ്'; കാരണം നിരത്തി എംബി രാജേഷ്‌ 

 

tags
click me!