ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി
കണ്ണൂർ: സ്പീക്കർ എ എൻ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിൽ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിലാണ് 64 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ. അടുത്ത മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്ര വീഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു. മിത്ത് വിവാദങ്ങൾക്കിടെയാണ് സ്പീക്കറുടെ മണ്ഡലത്തിൽ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി.
ഷംസീറിന്റെ കുറിപ്പിങ്ങനെ...
undefined
തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും...
അതേസമയം, സ്പീക്കർ എഎൻ ഷംസീറിനെതിരായ മിത്ത് വിവാദത്തിൽ നിലപാടെടുത്ത് യുഡിഎഫ്. മിത്ത് വിവാദം നിയമ സഭയിൽ കത്തിക്കേണ്ടെന്നാണ് യുഡിഎഫിൽ തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേർന്നത്. സ്പീക്കർക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് കൊണ്ട് വരാൻ പറ്റില്ലെന്നത് പരിമിതിയാണ്.
അതിനാൽ സ്പീക്കർ തിരുത്തണമെന്ന നിലപാട് മാത്രം സഭയിൽ ആവർത്തിക്കാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി. പ്രധാനപ്പെട്ട വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യുഡിഎഫിൽ തീരുമാനമായി. മിത്ത് വിവാദത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻഎസ്എസ് നിലപാട് പക്വമാണെന്ന് യുഡിഎഫ് വിലയിരുത്തി. വർഗീയ ശക്തികൾക്ക് കേരളത്തിൽ അവസരം കൊടുക്കരുതെന്നും യുഡിഎഫ് യോഗത്തിൽ പരാമർശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം