കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്ന വിദേശിക്ക് സ്വർണ്ണം വേണമെന്ന് പറഞ്ഞ് വിഴിഞ്ഞത്തെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് അഞ്ച് സ്വർണ്ണ കോയിനുകളുമായി യുവാവ് മുങ്ങി
തിരുവനന്തപുരം: കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്ന വിദേശിക്ക് സ്വർണ്ണം വേണമെന്ന് പറഞ്ഞ് വിഴിഞ്ഞത്തെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് അഞ്ച് സ്വർണ്ണ കോയിനുകളുമായി യുവാവ് മുങ്ങി. 2.5 ലക്ഷം രൂപ വില വരുന്ന 8 ഗ്രാമിന്റെ നാല് കോയിനുകളും 10 ഗ്രാമിന്റെ ഒരു കോയിനുമാണ് യുവാവ് തട്ടിയെടുത്തത്.
വിഴിഞ്ഞം ബിആർ ഓഡിറ്റോറിയത്തിന് സമീപത്തെ ജ്വല്ലറിയിൽ ഇന്നലെ ഉച്ചയോടെയാണ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്ന ഖത്തർ സ്വദേശിയായ അറബിക്ക് എട്ട് ഗ്രാം തൂക്കമുള്ള 10 സ്വർണ്ണ കോയിനുകൾ ആവശ്യമുണ്ടെന്ന് പറഞ്ഞ് യുവാവ് ജ്വല്ലറിയിലേക്ക് ഫോൺ ചെയ്തത്. എട്ട് ഗ്രാമിന്റെ നാല് കോയിനുകളും 10 ഗ്രാമിന്റെ ഒരു കോയിനും മാത്രമേ സ്റ്റോക്ക് ഉള്ളൂ എന്ന് അറിയിച്ചതോടെ ബിൽ അടിച്ച് സ്വർണ്ണം പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിക്കാനും കാഷ് അവിടെ വെച്ച് കൈമാറാമെന്ന് യുവാവ് അറിയിച്ചു.
ഇതനുസരിച്ച് വൈകിട്ട് നാല് മണിയോടെ സ്വർണ്ണവുമായി ഹോട്ടലിൽ എത്തിയ ജ്വല്ലറിയിലെ രണ്ട് ജീവനക്കാരെ യുവാവ് സ്വീകരിച്ച് ഒരാളെ ഹോട്ടൽ റിസപ്ഷന് പുറത്ത് നിർത്തി ഒരു ജീവനക്കാരനെ ഒപ്പം കൂട്ടി ഹോട്ടലിനകത്ത് കടന്നു. ജീവനക്കാരനെ റിസപ്ഷനിൽ ഇരുത്തിയശേഷം അറബി റൂമിലാണെന്നും സ്വർണ്ണം കൈമാറി പണം വാങ്ങി വരാമെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണവുമായി അകത്തേക്ക് കയറി പുറകുവശത്ത ഗേറ്റ് വഴി മുങ്ങുകയായിരുന്നു.
ഏറെ സമയമായിട്ടും യുവാവിനെ കാണാതായതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. ഇങ്ങനെ ഒരു യുവാവോ അറബിയോ ഹോട്ടലിൽ റൂം എടുത്തിട്ടില്ലെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചതോടെ ജ്വല്ലറി അധികൃതർ കോവളം പൊലീസിൽ പരാതി നൽകി. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കോഴിക്കോട് സ്വദേശിയായ യുവാവാണ് തട്ടിപ്പ് നടത്തിയതെന്ന് സൂചന ലഭിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കോവളം പൊലീസ് പറഞ്ഞു.