വർക്കലയിൽ ഷെഡ് കെട്ടി ലഹരി ഉപയോഗം, ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടിക്കൊന്നു; 4 പ്രതികൾ കൂടി പിടിയിൽ

By Web Desk  |  First Published Dec 29, 2024, 8:15 AM IST

വർക്കല താഴേവെട്ടൂരിലെ തീരദേശമേഖലയിൽ ഷെഡ് കെട്ടിയുള്ള പ്രതികളുടെ ലഹരി ഉപയോഗം പ്രദേശവാസിയായ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. 


വർക്കല: തിരുവനന്തപുരം വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കേസിൽ പിടികൂടാനുണ്ടായിരുന്ന 4 പ്രതികളെയാണ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാത്രിയാണ് ലഹരി മാഫിക്കെതിരെ പൊലീസിൽ പരാതി നൽകിയ വർക്കല സ്വദേശി ഷാജഹാനെ തലക്കടിച്ച് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 

വർക്കല വെട്ടൂർ ആശാ മുക്ക് സ്വദേശിയായ ജാസിം , താഴെ വെട്ടൂർ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദലി, എന്നിവരാണ് പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയായ ആഷിറിനെ സംഭവ ദിവസം രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി. വർക്കല താഴേവെട്ടൂരിലെ തീരദേശമേഖലയിൽ ഷെഡ് കെട്ടിയുള്ള പ്രതികളുടെ ലഹരി ഉപയോഗം പ്രദേശവാസിയായ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. ഒപ്പം ഇവരെക്കുറിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. 

Latest Videos

undefined

ഇതിന് പിന്നാലെയാണ് രാത്രി സ്കൂട്ടറിൽ വന്ന ഷാജഹാനെയും ബന്ധുവായ റഹമാനെയും അഞ്ചംഗ സംഘം ആക്രമിച്ചത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ഷാജഹാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. വർക്കല താഴേവെട്ടൂരിൽ ലഹരി മാഫിയക്കെതിരെ നിരന്തരം പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന പരാതി വ്യാപകമാണ്. 

Read More : കുന്നംകുളത്ത് യുവതിയെയും ഭർത്താവിനെയും വാഹനത്തിൽ പിന്തുടർന്ന് ആക്രമിച്ച ബന്ധുക്കളെ പിടികൂടി, വിട്ടയച്ചു

click me!