ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന കേക്കുകളും പലഹാരങ്ങളും; 20 കടകള്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

By Web Desk  |  First Published Dec 29, 2024, 7:01 PM IST

മായം കലര്‍ത്തിയ കേക്കും മറ്റ് ഭക്ഷ്യ പദാര്‍ത്ഥങ്ങളും വിപണിയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ഡ്രൈവ് നടത്തിയത്. 


കോഴിക്കോട്: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ച കടകള്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരത്തിലുള്ള 20 കടകളാണ് അധികൃതരുടെ നേതൃത്വത്തില്‍ പൂട്ടിച്ചത്. വീടുകള്‍ കേന്ദ്രീകരിച്ച് ലൈസന്‍സില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാന്‍ മായം കലര്‍ത്തിയും കേക്കും മറ്റ് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വിപണിയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ഡ്രൈവ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വലിയ ന്യൂനതകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 47 സ്ഥാപനങ്ങളില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തി. 112 ഭക്ഷ്യസാധനങ്ങളാണ് ഇതുവരെ സാമ്പിള്‍ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചത്. അഞ്ച് സ്‌പെഷ്യല്‍ സ്‌ക്വാഡുകളായി 16 മുതല്‍ ആരംഭിച്ച പരിശോധന 25ന് അവസാനിച്ചിരുന്നു. ന്യൂയര്‍ ഡ്രൈവ് ഇന്ന് മുതല്‍ 31 വരെ നടക്കും. വിപണിയില്‍ കൂടുതല്‍ ആളുകള്‍ വാങ്ങാനെത്തുന്ന കേക്ക്, മധുര പലഹാരങ്ങള്‍, വൈന്‍, ബിയര്‍ മുതലായവയുടെ സാമ്പിളുകളാണ് കൂടുതലും പരിശോധനയ്ക്ക് അയച്ചത്. ഇവയില്‍ കൃത്രിമ നിറം ചേര്‍ത്തവയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകള്‍ക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. 

Latest Videos

ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, സംഭരണം, വിതരണം എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കേക്ക്, വൈന്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി യൂണിറ്റ്, ചില്ലറ വില്‍പ്പനശാല, മാര്‍ക്കറ്റുകള്‍, വഴിയോര തട്ടുകടകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കായിരുന്നു മുന്‍ഗണന നല്‍കിയത്. പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു.

READ MORE: അം​ഗൻവാടിയിലേയ്ക്ക് പാഞ്ഞുകയറി പേപ്പട്ടി; ജീവൻ പണയം വെച്ച് കുഞ്ഞുങ്ങളെ രക്ഷിച്ച് ആയ, നിരവധി പേർക്ക് കടിയേറ്റു

click me!