ഞായറാഴ്ച രാത്രിയാണ് ഇവിടെ നിന്ന് ഷവായ് കഴിച്ച പലർക്കും തിങ്കളാഴ്ച ഉച്ചയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
കായംകുളം: താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലിൽ നിന്ന് ഷവായ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 20ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടൽ അടച്ചുപൂട്ടിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ ഇവിടെ നിന്ന് ഷവായ് കഴിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടത്.
ഛർദി, വയറിളക്കം, നടുവേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ. മുതുകുളം, കായംകുളം, ഇലിപ്പക്കുളം പ്രദേശത്തുള്ളവരാണ് ഗവ. ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. വിവിധ സ്വകാര്യ ആശുപത്രികളിലും പലരും ചികിത്സ തേടിയിട്ടുണ്ട്. പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാൽ (29), നാസിക് (27), അഫ്സൽ (28), മൻസൂർ (27) തുടങ്ങിയവർ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മൽ (28), കണ്ണനാകുഴി സ്വദേശി അജ്മൽ (27) തുടങ്ങിയവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം എറണാകുളം കാക്കാനാടുള്ള ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തെ തുടർന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടൽ ആര്യാസ് നഗരസഭ അടപ്പിച്ചിരുന്നു. നെയറോസ്റ്റും ചട്ണിയും വടയും കോഫിയുമാണ് ആര്യാസ് വെജിറ്റേറിയന്‍ റെസ്റ്റോറന്‍റില്‍നിന്ന് അനന്തകൃഷ്ണനും മകനും കഴിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരും ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചത്. ഇതിനുപിന്നാലെ ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. മകന് പ്രശ്നം ഗുരുതരമായില്ലെങ്കിലും അനന്തകൃഷ്ണന്‍റെ ആരോഗ്യനില മോശമായി. വയറിളക്കം, ശര്‍ദ്ദി, തളര്‍ച്ച,കടുത്ത പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ അനന്തകൃഷ്ണന്‍ ചികിത്സാ സഹായം തേടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം