
ഇരിട്ടി: വധുവിന്റെ ബന്ധു നൽകിയത് തെറ്റായ ലൊക്കേഷൻ. വിവാഹ വേദിയിലെത്താൻ പുലിവാല് പിടിച്ച് വധൂവരന്മാർ. കണ്ണൂർ ഇരിട്ടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബന്ധു ഗൂഗിൾ മാപ്പിൽ അയച്ച് തന്ന ലൊക്കേഷൻ പിന്തുടർന് വധൂവരന്മാർക്കും ബന്ധുക്കൾക്കും കൃത്യ സമയത്ത് വിവാഹ വേദിയിലെത്താൻ സാധിക്കാതെ വരികയായിരുന്നു.
വധുവിന്റെ ബന്ധു അയച്ച് നൽകിയ ലൊക്കേഷനിലേക്ക് പോയ വരനും ബന്ധുക്കളും ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തേണ്ടതിന് പകരം എത്തിയത് വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് വിവാഹിതനാവേണ്ടിയിരുന്നത്. മുഹൂർത്ത സമയം കഴിഞ്ഞിട്ടും വരനെ കാണാതെ ആശങ്കയിലായ വധുവിന്റെ ബന്ധുക്കൾ വിളിച്ച് അന്വേഷിക്കുമ്പോൾ ഇപ്പോഴെത്തുമെന്നായിരുന്നു മറുപടി. എത്തിയെന്ന് വിശദമാക്കിയ വരന്റെ സംഘം വധുവിനെ അന്വേഷിക്കുമ്പോഴാണ് കിലോമീറ്ററുകൾ അകലെയുള്ള ക്ഷേത്രത്തിലാണ് എത്തിയതെന്നാണ് തിരിച്ചറിയുന്നത്.
ഇരുക്ഷേത്രങ്ങളും തമ്മിൽ 60ലേറെ കിലോമീറ്ററുകളുടെ വ്യത്യാസമുണ്ടെന്ന് വ്യക്തമായതോടെ മുഹൂർത്ത സമയത്ത് വിവാഹം നടക്കാനാവാതെ വന്നതോടെ ഇരുവരും വിഷമത്തിലായി. പിന്നാലെ ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയും ജീവനക്കാരും വധുവിനെ സമാധാനിപ്പിച്ചു. പിന്നാലെ ക്ഷേത്രത്തിൽ പ്രത്യേകമായി മുഹൂർത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും മേൽശാന്തി വിശദമാക്കുകയായിരുന്നു.
ഇതോടെ മുഹൂർത്ത സമയത്തിൽ നിന്ന് മൂന്ന് മണിക്കൂർ വൈകി ഒന്നരയോടെ വരൻ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തിൽ നടയിൽവെച്ച് താലിചാർത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. പെണ്ണുകാണൽ ചടങ്ങിന് വരൻ വധുവിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹവേദിയായി വധുവിന്റെ കുടുംബക്കാർ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. അതിനാലായിരുന്നു വരൻറെ വീട്ടുകാർ ഗൂഗിൾ ലൊക്കേഷന്റെ സഹായം തേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam