കായംകുളത്ത് നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും തകർന്നു

By Web TeamFirst Published May 27, 2024, 7:09 PM IST
Highlights

കടലിൽ ഒഴുകി നടന്ന വള്ളങ്ങൾ കൂട്ടിയിടിച്ചും പുലിമുട്ടിൽ ഇടിച്ചു കയറിയുമാണ് തകർന്നത്.

ഹരിപ്പാട്: ഹാർബറിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും പെട്ട് തകർന്നു. കായംകുളം ഹാർബറിന്റെ വടക്കേക്കരയിൽ വലിയഴിക്കൽ ഭാഗത്ത് നങ്കൂരമിട്ടിരുന്ന ഏഴ് ഫൈബർ വള്ളങ്ങളാണ് കെട്ട് പൊട്ടി ഒഴുകിപ്പോയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 

കായലിൽ നിന്നും കടലിലേക്കുള്ള വെള്ളത്തിന്‍റെ കുത്തൊഴുക്കും കടലിൽ നിന്നുള്ള തിരയും ശക്തമായ കാറ്റുമാണ് വള്ളങ്ങൾ നങ്കൂരത്തിൽ നിന്നും വേർപെടാൻ കാരണം. അഴീക്കൽ കരയിലേക്കാണ് വള്ളങ്ങൾ ഒഴുകിപ്പോയത്. കടലിൽ ഒഴുകി നടന്ന വള്ളങ്ങൾ കൂട്ടിയിടിച്ചും പുലിമുട്ടിൽ ഇടിച്ചു കയറിയുമാണ് തകർന്നത്. പൂർണമായും പൊട്ടിക്കീറി വെള്ളത്തിൽ താഴ്ന്ന നിലയിലാണ് മൂന്ന് വള്ളങ്ങൾ കണ്ടെത്തിയത്. ഏഴു വള്ളങ്ങൾ ഉപയോഗശൂന്യമായി. വള്ളങ്ങളുടെ എഞ്ചിനും വലയും നഷ്ടമായി. എക്കോ സൗണ്ടർ, വയർലെസ് സിസ്റ്റം, ജിപിഎസ് സംവിധാനം എന്നിവയ്ക്കും കേടുപാടുണ്ടായി. 

Latest Videos

കള്ളിക്കാട് എ കെ ജി നഗർ സ്വദേശി ഉമേഷിന്റെ ജപമാല വള്ളം, ലാൽജിയുടെ എം എം വൈ സി, തൃക്കുന്നപ്പുഴ സ്വദേശി വിനോദിന്റെ കൈലാസനാഥൻ, വിമലന്റെ പ്രസ്റ്റീജ്, പതിയാങ്കര സ്വദേശി പ്രദീപിന്റെ ദേവി വള്ളം, വലിയഴീക്കൽ സ്വദേശി സാനുവിന്റെ ദക്ഷനന്ദ, തൃക്കുന്നപ്പുഴ സ്വദേശി ബൈജുവിന്റെ കൈലാസനാഥൻ എന്നീ വള്ളങ്ങളാണ് അപകടത്തിൽ പെട്ടത്. ഓരോ വള്ളത്തിനും 6 മുതൽ 8 ലക്ഷം വരെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് അധികാരികളും കോസ്റ്റൽ പോലീസും സംഭവ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.  

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!