നടുക്കടലിൽ എൻജിൻ തകരാർ, 'പാർത്ഥസാരഥി'യിൽ വെള്ളം കയറി, തൊഴിലാളികളെ രക്ഷിച്ചു

By Web TeamFirst Published Oct 12, 2024, 1:00 PM IST
Highlights

മത്സ്യബന്ധനം പുരോഗമിക്കുന്നതിനിടെയാണ് ബോട്ടിൽ വെള്ളം കയറിത്തുടങ്ങിയത്. 30 മത്സ്യബന്ധനത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.

ഹരിപ്പാട്:  കടലിൽ മീൻപിടിക്കുന്നതിനിടെ എൻജിൻ തകരാറിലായി വെളളം കയറിയ വളളത്തിലെ 30 തൊഴിലാളികളെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. ഫിഷറീസ് റെസ്‌ക്യൂ ബോട്ടാണ് 30 പേരെ രക്ഷപ്പെടുത്തിയത്. വെളളിയാഴ്ച രാവിലെ പതിനൊന്നരയോടെ കൊല്ലം ആലപ്പാട് അഴീക്കൽ പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ചെറിയഴീക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുളള പാർഥസാരഥി ഇൻബോർഡ് വളളത്തിന്റെ എൻജിൻ തകരാറിലായത്. 

തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കായംകുളം-അഴീക്കൽ ഹാർബറിലുണ്ടായിരുന്ന റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവർത്തനം നടത്തിയത്. റെസ്ക്യൂ ബോട്ട് ഉപയോഗിച്ച് പാർത്ഥസാരഥി വള്ളത്തെ കെട്ടി വലിച്ചു കരയ്‌ക്കെത്തിക്കുകയായിരുന്നു. ആലപ്പുഴ ഡി ഡി, തോട്ടപ്പളളി എ ഡിഎഫ് സിബി, ഫിഷറി ഗാർഡ് സിപിഒ. അരുൺ, റെസ്‌ക്യൂ ഗാർഡുമാരായ എം. ജോർജ്, ആർ. ജയൻ, സുരേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!