അഷ്ടമുടി കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം? പരിശോധന ഫലം ഉടൻ

By Web Team  |  First Published Oct 30, 2024, 10:36 AM IST

മത്സ്യങ്ങള്‍ ചാവുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തിരുന്നു. കരയിൽ നിന്നും കായലിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ കൂടുതലാണെങ്കിലും ആൽഗൽ ബ്ലൂം സംഭവിക്കുമെന്ന് വിദഗ്ധർ പറഞ്ഞു.


കൊല്ലം : കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് ആല്‍ഗല്‍ ബ്ലൂം എന്ന പ്രതിഭാസം കാരണമെന്ന് പ്രാഥമിക നിഗമനം. കായലിൽ മാലിന്യം കലരുന്നതടക്കം പായലുകൾ പെരുകുന്ന പ്രതിഭാസത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറഞ്ഞു. അഷ്ടമുടി കായലിലെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് ഒരേ ഇനത്തിൽ പെട്ട മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കഴിഞ്ഞ 26-ാം തീയതി വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്.  ഒറ്റ ദിവസം കൊണ്ട് വലിയ തോതിൽ മീനുകൾ ചത്തുകരയ്ക്ക് അടിഞ്ഞുതുടങ്ങി.  

തുടർന്ന് ജില്ലാ ഫിഷറീസ് ഉദ്യോഗസ്ഥരും മലിനീകരണ ബോർഡും പ്രദേശത്തെത്തി മത്സ്യങ്ങളുടേയും വെള്ളത്തിന്‍റേയും സാമ്പിളുകൾ ശേഖരിച്ചു. കുഫോസിന്‍റെ മൊബൈൽ ലാബടക്കമെത്തിച്ചാണ് സാമ്പിളുകളെടുത്തത്.ആൽഗൽ ബ്ലൂം എന്ന പ്രതിഭാസം ഉണ്ടായതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതാണ് ആല്‍ഗല്‍ ബ്ലൂം  പ്രതിഭാസം. ഇത് കായലിലെ ഓക്സിജന്‍റെ അളവ് കുറയുന്നതിനും മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതിനും കാരണമാകും. 

Latest Videos

undefined

മത്സ്യങ്ങള്‍ ചാവുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തിരുന്നു. കരയിൽ നിന്നും കായലിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ കൂടുതലാണെങ്കിലും ആൽഗൽ ബ്ലൂം സംഭവിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ജൈവമാലിന്യമടക്കം കായലിലേക്ക് ഒഴുകിയെത്തുന്നതും ഇതിന്‍റെ സാധ്യതകൂട്ടും. വെള്ളത്തിന്‍റേയും മീനുകളുടേയും പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മിനുകൾ ചത്തതിന് കാരണം സ്ഥിരീകരിക്കാനാകുവെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി.

കായലിൽ മാലിന്യമടക്കമുള്ള കൊണ്ട് വന്ന് തള്ളുന്നതാണ് മീനുകൾ ചത്ത് പൊങ്ങാൻ കാരണമെന്നായിരുന്നു നാട്ടുകാർ ആരോപിച്ചത്. പലരും കെമിക്കൽ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലിൽ മീൻ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.  ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകൾ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

Read More :  അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

വീഡിയോ സ്റ്റോറി കാണാം

click me!