ദീർഘനാളുകളായ നിക്ഷേപം പിൻവലിക്കാത്തെ കിടക്കുന്ന ട്രഷറി അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ചെക്കുകള്‍ ഹാജരാക്കി വിവിധ അക്കൗണ്ടുകളിൽ നിന്നും 15,10,000 രൂപയാണ് പിൻവലിച്ചത്.
തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. സബ് ട്രഷറിയിലെ അക്കൗണ്ടൻ്റായ വിജയരാജിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ട്രഷറിയിൽ നിന്നും ജമീല ബീഗത്തിൻ്റെ മൂന്ന് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ വിജയരാജിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. 6 ചെക്കുകൾ മുഖേനയാണ് പണം മാറിയെടുത്തത്. വ്യാജ ചെക്കാണ് ഹാജരാക്കിയത്. ജമീലയുടെ യഥാർത്ഥ അക്കൗണ്ടൻ്റ് നമ്പറാണ് ട്രഷറിയിൽ വിജയരാജ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ട്രഷറിയിലെ ക്ലർക്കായ മുജീബാണ് തട്ടിപ്പിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ദീർഘനാളുകളായ നിക്ഷേപം പിൻവലിക്കാത്തെ കിടക്കുന്ന ട്രഷറി അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ചെക്കുകള്‍ ഹാജരാക്കി വിവിധ അക്കൗണ്ടുകളിൽ നിന്നും 15,10,000 രൂപയാണ് പിൻവലിച്ചത്. ശ്രീകാര്യം സ്വദേശി മോഹനകുമാരി രണ്ട് ലക്ഷം നഷ്ടപ്പെട്ടുവെന്ന പരാതി നൽകിയതോടെയാണ് മുഴുവൻ അക്കൗണ്ടുകളും പരിശോധിച്ചത്. അങ്ങനെയണ് നാല് അക്കൗണ്ടുകളിൽ നിന്നാണ് 15,10,000 രൂപ നഷ്ടമായതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സസ്പെൻഡ് ചെയ്ത ആറ് ജീവനക്കാരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഒന്നര ആഴ്ച കഴിഞ്ഞിട്ടും അറസ്റ്റുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിനിടെയാണ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ക്ലർക്ക് വിജയരാജിനെ അറസ്റ്റ് ചെയ്തത്. ചെക്കുകള്‍ പാസാക്കി വിടുന്നത് വിജയരാജാണ്. വ്യാജ ചെക്കുകള്‍ പാസാക്കി വിടുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിജയരാജിനെ വ്യക്തമായ മറുപടിയില്ലെന്ന് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പിലെ മുഖ്യകണ്ണിയെന്ന സംശയിക്കുന്ന മുജീബ് ഇപ്പോള്‍ ഒളിവിലാണ്. ട്രഷറിയിലെ ക്യാഷർ ലീവായിരുന്നപ്പോൾ മുജീബാണ് ക്യാഷിൽ പണം കൈകാര്യം ചെയ്യുന്നത്. മുജീബ് ക്യാഷറായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നിരിക്കുന്നത്. മുജീബിനെ കസ്റ്റഡിയിലെടുത്താൽ മാത്രമേ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്ന് കഴക്കൂട്ടം പൊലീസ് വിശദമാക്കുന്നത്.