രാവിലെ പത്തരയോടെ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ രണ്ട് സ്റ്റേഷനുകളിൽ നിന്ന് നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തേണ്ടി വന്നു.
ആലപ്പുഴ: ആലപ്പുഴയിൽ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റിൽ തീപിടുത്തം. തുമ്പോളി പള്ളിയ്ക്ക് വടക്ക് വശം പ്രവർത്തിക്കുന്ന മാതാ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച രാവിലെ പത്തരയോടുകൂടി തീപിടുത്തം ഉണ്ടായത്. ആലപ്പുഴ ഫയർ ആന്റ് റസ്ക്യു സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റുകളും ചേർത്തലയിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മാതാ അസോസിയേറ്റ്സ് സ്ഥാപനത്തിലെ റഗ് ആന്റ് ജൂട്ട് മാറ്റുകൾക്കാണ് തീപിടിച്ചത് ജൂട്ട് നിർമിത ഉത്പന്നങ്ങളായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. നഗരത്തിലെ സ്വകാര്യ കയർ എക്സ്പോർട്ടിംഗ് കമ്പനിയിൽ നിന്ന് സബ് കോൺട്രാക്ട് എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് തീപിടുത്തമുണ്ടായ മാതാ അസോസിയേറ്റ്സ്. ഇവിടുത്തെ ഗോഡൗണിന് അകലെ മാലിന്യം കത്തിച്ചതിൽ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്ന് പൊലിസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം