ഐ ക്യാമറയും എംവിഡി പിഴയും എല്ലാം അടുത്തകാലത്ത് നിരന്തരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
തിരുവനന്തപുരം: എഐ ക്യാമറയും എംവിഡി പിഴയും എല്ലാം അടുത്തകാലത്ത് നിരന്തരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. പലരുടെയും പേരിൽ മാറി വന്ന പിഴ റസീപ്റ്റുകളും കാറിന് ഹെൽമെറ്റിടാത്തതിന് പിഴ ചുമത്തിയതും അടക്കം, ഇത്തരം സംഭവങ്ങൾ നിരന്തരം വാർത്തകളിലും ഇടം പിടിക്കുന്നുണ്ട്. എന്നാൽ അടുത്തിടെ ഏറെ പ്രചരിക്കപ്പെട്ടത് മറ്റൊരു സംഭവമായിരുന്നു. അമ്മയുടെ സ്കൂട്ടറിന്റെ ഇൻഡിക്കേറ്ററിൽ ഇല പാറിവന്ന് മറച്ചതിന് ഫൈൻ ഈടാക്കി എന്നതായിരുന്നു അത്.
സ്കൂട്ടർ ഉടമയുടെ മകനായിരുന്നു വീഡിയോയുമായി എത്തിയത്. ഇത് എംവിഡിക്കെതിരെ വ്യാപക വിമർശനങ്ങൾക്ക് കാരണവുമായി. ട്രോളന്മാരടക്കം ആരും എവിഡിയെ വെറുതെ വിട്ടതുമില്ല. എന്നാൽ എംവിഡിക്ക് ഇക്കാര്യത്തിൽ പറയാനുള്ളത് മറ്റൊന്നാണ്. ഇൻഡിക്കേറ്ററിൽ ഇല വീണ് മറഞ്ഞതിന് പിഴ ഈടാക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ പിന്‍വശത്തെ രജിസ്‌ട്രേഷന്‍ മാര്‍ക്ക് വ്യക്തമായി കാണാനാവാത്ത വിധം മാഞ്ഞുപോയതാണ് പിഴ ഈടാക്കാൻ കാരണമെന്ന് വിശദീകരണം.
ഇൻഡിക്കേറ്ററോ, രജിസ്ട്രേഷൻ മാർക്കോ അടക്കമുള്ള ഏതെങ്കിലും സൈൻ വ്യക്തമായി കാണാനാവാത്ത വിധം മാഞ്ഞുപോയതിനാണ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഏറ്റവും കുറഞ്ഞ പിഴയായ 250 രൂപ ഈടാക്കിയത്. അതേസമയം റിമാർക്ക് കോളത്തിൽ രജിസ്‌ട്രേഷന്‍ മാര്‍ക്ക് വ്യക്തമല്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എംവിഡി പങ്കുവച്ച വീഡിയോയില്‍ വിശദീകരിക്കുന്നു.
Read more: മലപ്പുറത്ത് പോളിസി ഉടമക്ക് ആനുകൂല്യം നിഷേധിച്ചു, കോടതി ചെലവടക്കം ഇൻഷൂറൻസ് കമ്പനി നൽകേണ്ടത് ലക്ഷങ്ങൾ!
കാര്യം മനസ്സിലായില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കണം... അതല്ലേ അതിന്റെ ശരി എന്ന കുറിപ്പുമായാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ എംവിഡി പേജിൽ പങ്കുവച്ച വീഡിയോക്ക് താഴെ വന്നൊരു കമന്റ് ഏറെ രസകരമാണ്. 'നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഫൈൻ ഇട്ടത് മാമാ'- എന്നായിരുന്നു കമന്റിലെ ചോദ്യം. 'മുൻപിലും ഉണ്ടല്ലോ മുത്തെ' എന്ന് എംവിഡി മറുപടിയും നൽകുന്നു. എന്നാൽ ചോദ്യം ഇവിടെ തീർന്നില്ല, 'അതിന് പിൻ ഭാഗത്ത് നിന്ന് മാത്രം അല്ലെ കാമറ വഴി ഫോട്ടോ എടുത്തിട്ടുള്ളൂ. പിന്നെങ്ങനെ മുൻഭാഗത്തെ നമ്പർ കിട്ടും' - എന്ന മറുചോദ്യവുമായി അടുത്തയാളും എത്തി.