രാത്രി മാലിന്യമെറിഞ്ഞ് പോയി, രാവിലെ ഞെട്ടി, ഒറ്റയടിക്ക് പിഴ 20 പേർക്ക്! സംഭവം തിരുവനന്തപുരം ബാലരാമപുരത്ത്

By Web Team  |  First Published Jun 23, 2023, 9:53 PM IST

പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് രാത്രിയും പകലും മലിന്യ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം നടത്തി വരുന്നത്


തിരുവനന്തപുരം: പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ബാലരാമപുരം ഗ്രാമപഞ്ചായത്ത് പിഴയിടാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് രാത്രിയും പകലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം നടത്തി വരുന്നത്. അഞ്ച് ദിവസത്തിനിടെ ഇരുപതിലെറെ പേരെ പിടികൂടി. ആദ്യ പടിയെന്നോണം അഞ്ഞൂറ് രൂപയാണ് ഇവരിൽ നിന്നും പിഴ ഈടാക്കിയത്.

ആലപ്പുഴയിൽ ഫോട്ടോസ്റ്റാറ്റ് മെഷിനടക്കം വീട്ടുടമ ആക്രിക്ക് കൊടുത്തു, വമ്പൻ പണിയായി! പിന്നെ ട്വിസ്റ്റ്

Latest Videos

undefined

നിത്യവും മാലിന്യം നിക്ഷേപിച്ച് ആളുകൾ കടന്നുകളയുന്ന പ്രദേശങ്ങളില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മാറിനിന്ന് നിരീക്ഷിച്ചാണ് പലരെയും പിടികൂടിയത്. മാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞവരെ വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ചാണ് പിടികൂടിയത്. ഇവർക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിച്ചെന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് അധിക‍ൃതർ വ്യക്തമാക്കി. രാത്രി കാലങ്ങളില്‍ മാലിന്യം കൊണ്ടിട്ട് പോകുന്നതോടെ തെരുവ് നായ്ക്കളുടെ ശല്യവും മേഖലയിലെ പല പ്രദേശങ്ങളിലും വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.

പൊതുനിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി ബാലരാമപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനവും ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ആരംഭിച്ചിട്ടുണ്ട്. നടപടി തുടങ്ങിയതോടെ പല സ്ഥലത്തും മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുണ്ടെന്നും ബാലരാമപുരം ഗ്രാമപഞ്ചായത്ത്  അധിക‍ൃതർ വ്യക്തമാക്കി. ബാലരാമപുരം കച്ചേരിക്കുളത്ത് മാലിന്യം കൊണ്ടിട്ട് ജല സ്രോതസ് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നും ഇവർ വിവരിച്ചു. ഇനിയുള്ള ദിവസങ്ങളിലും രാത്രിയും പകലും നിരീക്ഷണം തുടരാനാണ് തീരുമാനം.

അതേസമയം  തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സംസ്ഥാനത്ത്  മാലിന്യം തള്ളൽ സ്പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളിൽ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു എന്നതാണ്. 84.89 ശതമാനം മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞെന്നും ബാക്കിയുള്ളവ ഉടൻ നീക്കം ചെയ്യുമെന്നും എം ബി രാജേഷ് വ്യക്തമാക്കി. പകർച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്ന ശേഷമാണ് മന്ത്രി രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യം തള്ളുന്നത് തടയാനും വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനുമുള്ള എൻഫോഴ്സ്മെൻറ് നടപടികൾ ശക്തിപ്പെടുത്തിയതായും തദ്ദേശ സ്വയംഭരണ മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

click me!