മകൻ പള്ളിയിൽ പോയ സമയത്ത് കടയിൽ കഞ്ചാവ് വെച്ച് കുടുക്കാൻ ശ്രമം; ഒളിവിലായിരുന്ന ബാപ്പ അറസ്റ്റിൽ

By Web Team  |  First Published Dec 20, 2024, 9:51 AM IST

മകനോടുള്ള വൈരാഗ്യം കാരണം മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് പ്രതി കടയിൽ കഞ്ചാവ് ഒളിപ്പിച്ചത്. 


മാനന്തവാടി: മകന്റെ കടയില്‍ കൂട്ടാളികളുമായി എത്തി കഞ്ചാവ് ഒളിപ്പിച്ച സംഭവത്തില്‍ പിതാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ടൗണിലെ പിഎ ബനാന എന്ന സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയും കടയടുമയുടെ പിതാവുമായ മാനന്തവാടി ചെറ്റപ്പാലം വേമം പുത്തന്‍തറവീട്ടില്‍ അബൂബക്കര്‍ (67) ആണ് അറസ്റ്റിലായത്. 

മകനോടുള്ള വൈരാഗ്യം കാരണം മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ വേണ്ടി പ്രതി കര്‍ണാടകത്തില്‍ നിന്നും എത്തിച്ച കഞ്ചാവ് മകന്‍ നൗഫല്‍ പള്ളിയില്‍ പോയ സമയം നോക്കി കൂട്ടുപ്രതികളായ തട്ടിപ്പ് ഔത എന്ന് വിളിക്കുന്ന ഔത, ജിന്‍സ് വര്‍ഗീസ് എന്നിവരുടെ സഹായത്തോടെ കടയില്‍ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു അബൂബക്കര്‍. കല്‍പ്പറ്റ എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Latest Videos

undefined

സംഭവ ദിവസം കടയുടെ ഉടമസ്ഥനായ മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറവീട്ടില്‍ പി.എ. നൗഫല്‍ എന്നയാളെ 2.095 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് കേസ് എടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നൗഫല്‍ കടയില്‍ ഇല്ലാതിരുന്ന സമയത്ത് കഞ്ചാവ് കടയില്‍ വെച്ചതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലാകുന്നത്. നൗഫലിനോട് കുടുംബപരമായ പ്രശ്നങ്ങളില്‍ വൈരാഗ്യമുള്ളതിനാല്‍ കഞ്ചാവ് കേസില്‍പ്പെടുത്തി ജയിലിലാക്കുക എന്നതായിരുന്നു അബൂബക്കറിന്റെ ലക്ഷ്യം. 

അബൂബക്കറും സുഹൃത്തായ ഔത (അബ്ദുള്ള) എന്നയാളും, ജിന്‍സ് വര്‍ഗീസും അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക അന്തര്‍സന്ധ സ്വദേശിയായ ഒരാളും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം കഞ്ചാവ് കടയില്‍ വെക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ ഉടമയായ ജിന്‍സ് വര്‍ഗീസിനെ നേരത്തെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. ഔത മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കേസില്‍ കര്‍ണാടക സ്വദേശിയായ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്.

READ MORE: ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോർട്ട്

click me!