പൂക്കച്ചവടമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി ലക്ഷ്യമിട്ടത് ഇരുചക്രവാഹന യാത്രക്കാരായ സ്ത്രീകളെ; മോഷണസംഘം പിടിയിൽ

By Web Team  |  First Published Sep 30, 2024, 12:17 PM IST

പ്രതികൾ അറസ്റ്റിലായതോടെ തുമ്പില്ലാതെ കിടന്നിരുന്ന കവര്‍ച്ചാ കേസും തെളിഞ്ഞു. 


തൃശൂർ: നാട്ടുകാരുടെ ഉറക്കം കെടുത്തിയ പിടിച്ചുപറി സംഘം പൊലീസ് പിടിയിലായി. കുന്നംകുളം സ്വദേശി ശ്രീക്കുട്ടന്‍, ചാവക്കാട് സ്വദേശി അനില്‍ എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് എസ്എച്ച്ഒ സി പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സാഹസികമായി പ്രതികളെ പിടികൂടുന്നതിനിടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതികൾ അറസ്റ്റിലായതോടെ തുമ്പില്ലാതെ കിടന്നിരുന്ന കവര്‍ച്ചാ കേസും തെളിഞ്ഞു. 

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട്, വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കില്‍ പിന്തുടര്‍ന്ന് കൈ ചെയിന്‍ പൊട്ടിക്കുകയാണ് പ്രതികളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി പൊലീസ് ജീപ്പ് കണ്ട ഇവര്‍ ബൈക്ക് വെട്ടിച്ച്  രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മൂന്ന് സംഘങ്ങളായി നടത്തിയ തെരച്ചിലില്‍ കോട്ടപ്പടിയില്‍ നിന്നെ പ്രതികളെ കണ്ടെത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

Latest Videos

പ്രതികളിൽ നിന്ന് കുരുമുളക് സ്‌പ്രേ, വ്യാജ നമ്പര്‍ പ്ലേറ്റ് എന്നിവ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരിയന്നൂര്‍, ഇരിങ്ങപ്പുറം, വടക്കേക്കാട് സ്റ്റേഷന്‍ പരിധിയിലെ നമ്പീശന്‍പടി, ടെമ്പിള്‍ സ്റ്റേഷന്‍ പരിധിയിലെ താമരയൂര്‍, കമ്പിപ്പാലം എന്നിവിടങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. കവര്‍ച്ച ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. ഗുരുവായൂരില്‍ പൂക്കച്ചവടത്തിനാണെന്ന പേരിലാണ് രാത്രിയില്‍ ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത്.

പ്രതികൾ അറസ്റ്റിലായതോടെ താമരയൂരിലെ ദേവിസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ ചില്ല് തകര്‍ത്ത് 10,000 രൂപ അടങ്ങിയ സംഭാവന ബോക്‌സ് കവര്‍ന്ന കേസും തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്‍സോള്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ സംഭാവന ബോക്‌സാണ് കവര്‍ന്നത്. പുലര്‍ച്ചെ രണ്ടോടെ ബൈക്കിലെത്തിയ മൂന്നു പേര്‍ മോഷണം നടത്തി തിരികെ പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അറസ്റ്റിലായ ശ്രീക്കുട്ടനെയും അനിലിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കോട്ടപ്പടി മനയത്ത് വീട്ടില്‍ നന്ദുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ടക്ടർ ടോയ്‍ലറ്റിൽ പോയി വന്നപ്പോൾ ടിക്കറ്റ് മെഷീൻ കാണാതായി, കണ്ടെത്തിയത് 22കാരന്‍റെ മുറിയിലെ അലമാരയിൽ നിന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!