അവസാനഘട്ട നിര്‍മാണത്തിലായിരുന്ന 1800 സ്ക്വയർ ഫീറ്റ് വീട് പൂര്‍ണമായും തകർന്നിട്ടും പുഞ്ചിരിമട്ടം സ്വദേശി മുഹമ്മദ് അനീസിന് പട്ടികയില്‍ ഇടമില്ല.
വയനാട്: ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം തുടങ്ങാനിരിക്കെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരന്തബാധിതരുടെ ആധിയും ഏറുകയാണ്. അവസാനഘട്ട നിര്‍മാണത്തിലായിരുന്ന 1800 സ്ക്വയർ ഫീറ്റ് വീട് പൂര്‍ണമായും തകർന്നിട്ടും പുഞ്ചിരിമട്ടം സ്വദേശി മുഹമ്മദ് അനീസിന് പട്ടികയില്‍ ഇടമില്ല. സർക്കാർ ഉത്തരവിലെ കടുത്ത മാനദണ്ഡങ്ങളാണ് ഇതിന് കാരണം.
ഉരുളെടുത്ത ഭൂമിയില്‍ ഹമീദ് താമസിച്ചിരുന്ന വീടും തൊട്ടടുത്ത് മകൻ മുഹമ്മദ് അനീസ് നിർമിച്ചിരുന്ന വീടും എവിടെയെന്ന് കണ്ടെത്തുക തന്നെ പ്രയാസമാണ്. പുഞ്ചിരിമട്ടത്തെ റോഡില്‍ നിന്ന് നോക്കിയാല്‍ കല്ലുകള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ ഒരു കൂമ്പാരം മാത്രം കാണാം. ബെംഗൂളുരുവില്‍ ഐടി ജോലി ചെയ്ത് ഉണ്ടാക്കിയ വരുമാനവും ഉള്ള സ്വര്‍ണവും ചേർത്ത് വച്ച് ഏറെ ആഗ്രഹിച്ച് നിർമിച്ചിരുന്ന ഇരുനില വീടാണ് ഉരുള്‍ പൊട്ടലില്‍ തകര്‍ന്നു പോയത്. റോഡിനോട് ചേർന്ന് രണ്ട് നില വരുന്ന 1800 സ്ക്വയർഫീറ്റ് വീടിന്‍റെ ഗൃഹപ്രവേശനത്തിന് കാത്തിരിക്കെയാണ് ഉരുള്‍ പൊട്ടി നാടടക്കം ഒലിച്ചു പോയത്. കുടുംബാഗങ്ങളുടെ ജീവൻ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.
ഓരോ പട്ടിക വരുമ്പോഴും കുടുംബം പ്രതീക്ഷയോടെ കാത്തിരുന്നു. ഹമീദം ഭാര്യയും ഇളയമകനും താമസിച്ചിരുന്ന വീട് മാത്രം പട്ടികയില്‍ ഉണ്ട്. എന്നാല്‍ അനീസിന്‍റെ വീടിന് പരിഗണന കിട്ടിയില്ല. ഒറ്റ റേഷൻ കാർഡിലാണ് മുഴുവൻ കുടുംബവും എന്നതും വീട് നിർമാണത്തിലായിരുന്നുവെന്നതുമാണ് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം അനീസിനെ ഒഴിവാക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പാറപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...