കൊച്ചിയിലെ ഹെൽത്ത് കെയർ സ്പാ, പക്ഷേ മസാജ് മാത്രമല്ല, 'വേറെ ചിലതും'; രഹസ്യ വിവരം, കിട്ടിയത് 45 ഗ്രാം എംഡിഎംഎ

By Web Team  |  First Published Feb 28, 2024, 5:09 PM IST

മയക്കുമരുന്നിന് അടിമയായ പ്രതി ബാംഗളൂരിൽ നിന്നും മറ്റും മുന്തിയ ഇനം രാസ ലഹരികൾ എറണാകുളത്ത് എത്തിച്ചു വില്പന നടത്തി വരികയായിരുന്നു.


കൊച്ചി: കൊച്ചിയിൽ മസ്സാജ് പാർലർ കേന്ദ്രീകരിച്ച് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. രാസ ലഹരി മരുന്നായ 45 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തൈക്കുടം ഗ്രീൻ ടച്ച് ഹെൽത്ത് കെയർ സ്പാ നടത്തുന്ന നെട്ടൂർ സ്വദേശി ഷബീക് ആണ് പിടിയിലായത്. എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാറിന്‍റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. 

സ്പായിൽ വരുന്നവരിൽ മയക്കുമരുന്ന് ഇടപാടുകാരുമുണ്ടെന്ന് എക്സൈസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സ്‌ക്വാഡ് ഷാഡോ അംഗങ്ങൾ ഷബീക്കിനെ നിരീക്ഷിച്ചു തുടങ്ങിയത്. മയക്കുമരുന്നിന് അടിമയായ പ്രതി ബാംഗളൂരിൽ നിന്നും മറ്റും മുന്തിയ ഇനം രാസ ലഹരികൾ എറണാകുളത്ത് എത്തിച്ചു വില്പന നടത്തി വരികയായിരുന്നു. പിടിയിൽ ആകുന്ന സമയത്തും ഇയാൾ ലഹരിയിലായിരുന്നു. 

Latest Videos

ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് ഷബീക്കിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തത്. ഇരുപത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിതെന്ന് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാർ പറഞ്ഞു. റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഹാരിസ്‌, പ്രിവന്‍റീവ് ഓഫീസർ ജെനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മനോജ്‌, ശ്രീകുമാർ, ബദർ അലി, മേഘ എന്നിവർ ഉണ്ടായിരുന്നു. 

ഈ മാസം ആദ്യവും കൊച്ചിയിൽ മസാജ് സെന്‍റിൽ നിന്നും മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇടപ്പള്ളി പച്ചാളത്തെ ആയുർവേദ മസാജ് പാർലറിലാറാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.  മസാജ് പാർലറിൽ ലഹരി വിൽപ്പന നടത്തിയ സംഭവത്തിൽ 3 പേരെയാണ് അന്ന് എക്സൈസ് പിടികൂടിയത്, ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി.  കണ്ണൂർ തളിപ്പറമ്പ് സ്വദേശി   അഷ്റഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഗോൾഡൻ മെത്ത് എന്നറിയപ്പെടുന്ന സ്വർണനിർത്തിലുള്ള എംഡിഎംഎ ആണ് പിടികൂടിയത്.  പെൺകുട്ടികളാണ് ഗോൾഡൻ മെത് കൂടുതൽ വാങ്ങുന്നതെന്നാണ് പ്രതികൾ എക്സൈസിനോട് പറഞ്ഞത്.

Read More : ഐടിഐ ലിമിറ്റഡിന് 8.66 കോടി, സി-ഡിറ്റിനും പണം കിട്ടും; ലൈസൻസ് അച്ചടിച്ച വകയിലുള്ള കുടിശ്ശിക 15 കോടി അനുവദിച്ചു

click me!