എട്ട് നിലകൾ, 286.66 കോടി രൂപ ചെലവിൽ നിർമാണം. മെയ് മാസത്തിൽ എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ്.
കൊച്ചി: എറണാകുളം മെഡിക്കൽ കോളജിൽ അതിവിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തന ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ്. 286.66 കോടി രൂപ ചെലവിലാണ് നിർമാണം. എട്ട് നിലകളിലായി 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ ആരംഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 2025 മെയ് മാസത്തിൽ നാടിന് സമർപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി അറിയിച്ചു.
കൊച്ചിൻ കാൻസർ സെന്‍റർ ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. തൊട്ടുപിന്നാലെ മെയ് മാസത്തിൽ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. 800ലധികം കിടക്ക, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ മേഖലകളിൽ പുതിയ ടെക്നോളജിയോടു കൂടിയ സൗകര്യങ്ങൾ എല്ലാം ഇവിടെ ലഭ്യമാകും. ഈ ബ്ലോക്ക് പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജുകളിലൊന്നായി എറണാകുളം മെഡിക്കൽ കോളേജ് മാറുമെന്നും മന്ത്രി പറഞ്ഞു.
undefined
പദ്ധതിയിൽ ഒട്ടും കാലതാമസം വരാതിരിക്കാൻ ഒന്നിടവിട്ട ശനിയാഴ്ചകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഇന്‍കല്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ ഘട്ടങ്ങളിലെല്ലാം മന്ത്രിതല കൂടിക്കാഴ്ചകളും നടക്കുന്നു. സമയബന്ധിതമായി നിർമ്മാണപ്രവർത്തനം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് പേർക്ക് വളരെ കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം