കുഴല്‍മന്ദത്ത് ഡിജെ മ്യൂസിക്കിന്‍റെ ശബ്ദം അസഹനീയമായതോടെയാണ് കൊല്ലം തടത്താവിള ശിവൻ എന്ന ആന ഇടഞ്ഞതെന്നാണ് സൂചന. നൂറുകണക്കിന് ആളുകള്‍ ചുറ്റമുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും അപായമോ പരുക്കോ സംഭവിച്ചില്ല
പാലക്കാട്: കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം കാളിമുത്തി ക്ഷേത്രത്തില്‍ വേലയ്ക്കിടെ ആന ഇടഞ്ഞത് ഉച്ചത്തിലുള്ള ഡിജെ മ്യൂസിക് കേട്ടതിനെ തുടര്‍ന്നെന്ന് അനുമാനം. വേലകള്‍ക്കും ഉത്സവങ്ങള്‍ക്കും കൊഴുപ്പേകാൻ ഡിജെ മ്യൂസിക് കൂടി വയ്ക്കുന്നത് ഇപ്പോഴത്തെ 'ട്രെൻഡ്' ആണ്.
എന്നാല്‍ കുഴല്‍മന്ദത്ത് ഡിജെ മ്യൂസിക്കിന്‍റെ ശബ്ദം അസഹനീയമായതോടെയാണ് കൊല്ലം തടത്താവിള ശിവൻ എന്ന ആന ഇടഞ്ഞതെന്നാണ് സൂചന. നൂറുകണക്കിന് ആളുകള്‍ ചുറ്റമുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും അപായമോ പരുക്കോ സംഭവിച്ചില്ല. വലിയ ദുരന്തം ഭാഗ്യവശാല്‍ ഒഴിഞ്ഞുപോയി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വൈകീട്ട് വേലയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയാണ് ആന ഇടഞ്ഞത്. എന്നാല്‍ പാപ്പാൻമാര്‍ക്ക് ആനയെ വരുതിക്ക് നിര്‍ത്താൻ സാധിച്ചതോടെയാണ് വലിയ ദുരന്തം ഒഴിവായത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചത്തില്‍ ഡിജെ മ്യൂസിക് വയ്ക്കുന്നവര്‍ക്കെതിരെ കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രത്യേകിച്ച് കേരളത്തില്‍ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും വേലകളുമെല്ലാം സജീവമാകുന്ന സീസൺ ആണിത്. വേനലും കടുത്തിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ആനകളെ പ്രകോപിപ്പിക്കുംവിധത്തിലുള്ള ശബ്ദമുണ്ടാക്കുന്നത് അപകടമാണെന്നാണ് ഏവരും വാദിക്കുന്നത്.
പാലക്കാട് ആന ഇടഞ്ഞ സംഭവത്തിന്‍റെ വീഡിയോ റിപ്പോര്‍ട്ട്:-
Also Read:- ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്