പാലക്കാട് ബസ് കാറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ദൈവാധീനംകൊണ്ടെന്ന് ഡ്രൈവർ
പാലക്കാട്: കാഴ്ചപറമ്പ് സിഗ്നൽ ജംങ്ഷനിൽ ഇന്നലെയുണ്ടായ അപകടം കണ്ട് പേടിച്ചു പോയവരാണ് നമ്മളെല്ലാം. സിഗ്നലിൽ നിർത്തിയ കാറിന് പിന്നിലേക്ക് വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കാർ ഏറെ മുന്നോട്ടു പോയി. പക്ഷേ കാർ ഓടിച്ചിരുന്നയാളുടെ മനസാന്നിധ്യം കൊണ്ട് മാത്രം റോഡിലുള്ളവരും മറ്റു വാഹനങ്ങളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് പോയ കാർ മറ്റ് വാഹനങ്ങൾക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ്, നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്നു. സിഗ്നലിൽ റെഡ് കണ്ടപ്പോൾ നിർത്തുകയായിരുന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ അമിത വേഗത്തിൽ ബസ് വരുന്നത് കണ്ടു. ഉടൻ ഹാൻഡ് ബ്രേക്ക് മാറ്റി വണ്ടി മുന്നോട്ട് എടുക്കുന്നതിന് മുമ്പ് ബസ് ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ നിന്നുള്ള ഷോക്കിലായിരുന്നു. വണ്ടി ഡിവൈഡറിൽ ഇടിക്കുമെന്ന് കണ്ടപ്പോൾ സ്റ്റിയറിങ് തിരിച്ചു. വണ്ടി നിയന്ത്രണത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുന്നിലുള്ള ഗ്യാപ്പിൽ കൂടി വണ്ടിയെടുക്കാൻ പറ്റി. എല്ലാം ദൈവാധീനമാണ്. സീറ്റ് ബെൽറ്റ് ഇട്ടിരുന്നു. പിന്നിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ഇടേണ്ടതിന്റെ ആവശ്യകതയാണ് അപകടത്തിൽ നിന്ന് മനസിലായത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് അപകടമൊന്നും പറ്റിയില്ല ദൈവം കാത്തുവെന്നേ പറയാനുള്ളു.
Read more: ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
അതേസമയം, മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് സ്കൂള്‍ വിദ്യാർഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ ഹിബ (14), വെന്നിയൂർ മാട്ടിൽ സ്വദേശി കളത്തിങ്ങൽ ഹബീബിന്റെ മകൾ ഫിഫ്‌ന (14), കാച്ചടി സ്വദേശി കല്ലുങ്ങൽ തൊടി അഷ്‌റഫിന്റെ മകൾ ഫാത്തിമ ജുമാന (13), കരുബിൽ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകൾ അനന്യ (14) എന്നിവർക്കാണ് പരിക്കേറ്റത്.