കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു! 44 കിലോമീറ്റർ നീളുന്ന സ്വപ്ന ബൈപാസ്, എവിടെയെന്ന് ചോദിച്ച് നാട്ടുകാർ

By Web Team  |  First Published Oct 3, 2023, 7:01 PM IST

കൊച്ചി നഗരം ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഗതാഗത കുരുക്കും രൂക്ഷമാകുന്നു. നഗരത്തിലെ ബ്ലോക്ക്‌ പിന്നിട്ടാലും ആലുവയിലും നെടുമ്പാശ്ശേരിയിലും അങ്കമാലിയിലും പെട്ടങ്ങനെ കിടക്കും


കൊച്ചി: പ്രഖ്യാപനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാട്ടുകാരുടെ സ്വപ്നം മാത്രമായി ഒതുങ്ങി കുണ്ടന്നൂര്‍ - അങ്കമാലി ബൈപ്പാസ്. ഇടപ്പള്ളി ബൈപ്പാസിന് സമാന്തരമായി കുണ്ടന്നൂരിൽ നിന്ന് അങ്കമാലിയിലേക്ക് ബൈപ്പാസ് എത്തും എന്നായിരുന്നു പ്രഖ്യാപനം. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി കൃഷിഭൂമിയിലൂടെ കടന്നു പോകുന്നതാണ് 44 കിലോമീറ്റർ നീളുന്ന ബൈപാസ്. എന്നാൽ, പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഇത് വരെയും തുടങ്ങിയിട്ടില്ല.

കൊച്ചി നഗരം ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഗതാഗത കുരുക്കും രൂക്ഷമാകുന്നു. നഗരത്തിലെ ബ്ലോക്ക്‌ പിന്നിട്ടാലും ആലുവയിലും നെടുമ്പാശ്ശേരിയിലും അങ്കമാലിയിലും പെട്ടങ്ങനെ കിടക്കും. ഇടപ്പള്ളി മുതൽ അങ്കമാലി വരെ 24 കിലോമീറ്ററിൽ പിന്നെയുമുള്ളത് 12 സിഗ്നൽ ജംഗ്ഷനുകളാണ്. നിരവധി യു ടേണുകളുമുണ്ട്. ഇത് ഒഴിവാക്കാൻ ആണ് ജില്ലയുടെ തെക്കൻ അതിർത്തിയായ കുണ്ടന്നൂരിൽ നിന്ന് തൃശൂർ ജില്ല തുടങ്ങുന്ന അങ്കമാലി കരയാംപറമ്പിലേക്ക് ബൈപാസ് എന്ന പദ്ധതി വിഭാവനം ചെയ്തത്.

Latest Videos

undefined

ഭാരത്മാല പദ്ധതിയായി ആറ് വരി ഗ്രീൻഫീൽഡ്, അഥവാ പൂർണ്ണമായും പുതിയ പാത എന്നതായിരുന്നു പ്രഖ്യാപനം. പ്രവേശനം ചില മേഖലകളിൽ മാത്രമായി നിയന്ത്രിക്കും. കൊച്ചി - മൂന്നാർ ദേശീയപാതയുമായി ബന്ധിപ്പിക്കും. ദീർഘദൂരയാത്രക്കാർക്ക് കൊച്ചി നഗരത്തിലെ കുരുക്ക് തലവേദനയാകില്ല എന്നിങ്ങനെ വാഗ്ദാനങ്ങള്‍ നീണ്ടു. പദ്ധതിയുടെ പ്രാഥമിക പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നു. മൂന്ന് താലൂക്കുകളിലൂടെ 17 വില്ലേജുകളിലായി 280 ഹെക്ടർ ഭൂമിയാണ് ഇതുപ്രകാരം ഏറ്റെടുക്കേണ്ടത്.

കുണ്ടന്നൂർ, തിരുവാണിയൂർ, പട്ടിമറ്റം, വെങ്ങോല, കാലടി, അങ്കമാലി ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി കൃഷിഭൂമിയിലൂടെയാണ് പാത കടന്നു പോകേണ്ടത്. തിരുവാണിയൂർ പഞ്ചായത്തിലെ വെങ്കിട, ചെമ്മനാട് പാടശേഖരങ്ങളിലൂടെയാണ് പാത കടന്നു പോകേണ്ടത്. കൃഷിക്കാരും ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 32 വർഷങ്ങൾക്ക് മുൻപ് ഭൂമി ഏറ്റെടുത്തിട്ടും മുന്നോട്ട് പോകാത്ത തൃപ്പൂണിത്തുറ ബൈപ്പാസിന്‍റെ അവസ്ഥയും ഇവരുടെ കൺമുന്നിലുണ്ട്. പ്രഖ്യാപിച്ച് വർഷങ്ങളായിട്ടും സ്ഥലമേറ്റെടുപ്പിനുള്ള നടപടികളായിട്ടില്ല. എന്നാൽ പദ്ധതിയുമായി ദേശീയപാത അതോറിറ്റി മുന്നോട്ട് തന്നെയെന്ന് ചാലക്കുടി എംപി പറയുന്നത്. 

ഇതാര്, 'മണി ഹെയ്സ്റ്റിലെ പ്രഫസറോ', ഓൾട്ടോ കാറിന് മുകളിൽ കയറി നിന്ന് നോട്ടുകൾ വാരിയെറിഞ്ഞു, കാരണം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

tags
click me!