എന്തൊരഴക്..! നടുക്ക് തൂണ് കണ്ടില്ലെങ്കിൽ പേടിക്കേണ്ട, ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം ഒരുങ്ങുന്നു

ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ പക്ഷിച്ചിറക് മാതൃകയിലുള്ള പാലം യാത്രാദുരിതത്തിന് അറുതി വരുത്തുന്നു. കുട്ടനാടിന്റെ വികസനത്തിനും വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകി പടഹാരം പാലവും യാഥാർഥ്യമാകുന്നു.

Dont be afraid if you don't see the pillar in the middle, the first extradosed cable-stayed bridge in kerala

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ നാലുചിറ, ഇല്ലിച്ചിറ പ്രദേശവാസികളുടെ യാത്രാ ദുരിതം തീരുന്നു. കടത്തുവള്ളത്തിന്‍റെ സഹായത്തോടെയായിരുന്നു ഇവര്‍ മറുകരയിലെത്തിയിരുന്നത്. അവിടെ പക്ഷി ചിറകിന്‍റെ മാതൃകയിൽ മനോഹരമായ ഒരു പാലം ഒരുങ്ങിയിട്ടുണ്ട്. നാടിന് ഇത് സ്വപ്ന സാക്ഷാത്കാരവും അഭിമാന നിമിഷവുമാണ്. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമാണ് ഒരുങ്ങിയിട്ടുള്ളത്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയെയും ദേശീയപാത 66 നെയും ബന്ധിപ്പിച്ചാണ് പക്ഷിച്ചിറകിന്‍റെ ആകൃതിയിൽ നിര്‍മ്മിച്ച പാലം. സസ്പെൻഷൻ പാലത്തിന്‍റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണിത്. ദേശീയ ജലപാതയിൽ ജല ഗതാഗതത്തിന് തടസമാകുന്ന തരത്തിൽ മധ്യത്തിൽ തൂണുകൾ ഇല്ലാതെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 60.73 കോടിയാണ് നിർമ്മാണ ചിലവ്. 458 മീറ്റർ ആണ് പാലത്തിന്റെ ആകെ നീളം. സമൃദ്ധമായ നെൽ വയലുകൾ നിറഞ്ഞ അപ്പർ കുട്ടനാടിന്‍റെ അതിമനോഹരമായ കാഴ്ചകളാണ് പാലം സമ്മാനിക്കുന്നത്. ഗതാഗത സൗകര്യത്തിനൊപ്പം വിനോദസഞ്ചാരമേഖലക്കും നാലുചിറപ്പാലം വലിയ മുതല്‍ക്കൂട്ടാണ്.

ആലപ്പുഴയിലെ പാല മാഹാത്മ്യം ഇതുകൊണ്ട് തീരില്ല. കുട്ടനാടിന്‍റെ വികസനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും പ്രാധാന്യം നൽകി തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്ക് കുറുകെ നിർമ്മിച്ച പടഹാരം പാലം ഉദ്ഘാടനത്തിനൊരുങ്ങിയതോടെ ആലപ്പുഴയുടെ പാലപ്പെരുമക്ക് വീണ്ടും പകിട്ടേറി. മുഴുവൻ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പൂർത്തിയാക്കി ഏപ്രിലോടെ പാലം നാടിന് സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് അതിവേഗം പുരോഗമിക്കുന്നത്. 

Latest Videos

കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും (എ സി റോഡ്) അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാലം കൂടിയാണ് കരുവാറ്റ-കുപ്പപ്പുറം റോഡില്‍ സ്ഥിതിചെയ്യുന്ന പടഹാരം പാലം. 2016-17ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. 63.35 കോടി രൂപയാണ് നിർമ്മാണ ചെലവ്. സമീപനപാതയുടെ വശങ്ങളിലെ അവസാനഘട്ട പണികളും പെയിന്‍റിംഗ് ഉൾപ്പെടെയുള്ള ജോലികളും മാത്രമാണ് ബാക്കിയുള്ളത്. 453 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 45 മീറ്റർ നീളമുള്ള മൂന്ന് സെൻ്റർ സ്പാനുകളും 35 മീറ്റർ നീളമുള്ള ആറ് സ്പാനുകളും 12 മീറ്റർ നീളമുള്ള ഒൻപത് സ്പാനുകളുമാണ് പാലത്തിനുള്ളത്. 

vuukle one pixel image
click me!