പത്തടി ഉയരത്തിൽ നിന്ന് നായയെ വടികൊണ്ട് കുത്തി വീഴ്ത്തിയതും പരുക്കേറ്റ നായ ഞെരങ്ങി ഓടുന്നതടക്കമുള്ള ദൃശ്യം പങ്കുവെച്ചാണ് മൃഗസ്നേഹികള്‍ വിമർശനം ഉന്നയിക്കുന്നത്.
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിനകത്തെ നെറ്റിൽ കുടുങ്ങിയ നായയെ പുറത്തെടുത്ത രീതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ മൃഗസ്നേഹികളുടെ പ്രതിഷേധം. പത്തടി ഉയരത്തിൽ നിന്ന് നായയെ വടികൊണ്ട് കുത്തി വീഴ്ത്തിയതും പരുക്കേറ്റ നായ ഞെരങ്ങി ഓടുന്നതടക്കമുള്ള ദൃശ്യം പങ്കുവെച്ചാണ് മൃഗസ്നേഹികള്‍ വിമർശനം ഉന്നയിക്കുന്നത്. സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ വേണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.
ഹൈക്കോടതി കെട്ടിടത്തിനുള്ളിലെ വലയിൽ കുടുങ്ങിയ നായയെ ഫയർഫോഴ്സും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പുറത്ത് ചാടിച്ച ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈല്‍ ആകുന്നത്. ഏതാണ്ട് പത്തടിക്ക് മേലെ ഉയരത്തിൽ നിന്ന് താഴേക്ക് വീണ നായ, പരിക്കേറ്റ് മുടന്തുന്നതും പിന്നീട് ഞെരങ്ങി നീങ്ങുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഈ ദൃശ്യം പങ്കുവെച്ചാണ് ഉദ്യോഗസ്ഥർ നടത്തിയ നിയമ വിരുദ്ധ പ്രവർത്തനത്തെ മൃഗസ്നേഹികൾ വിമർശിക്കുന്നനത്.
അടിമലത്തുറയിൽ തെരുവ് നായയെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസ് എടുക്കുകയും ഇത്തരം ക്രൂരതകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതേ ഹൈക്കോടതിയിലാണ് നായയെ രക്ഷാപ്രവർത്തനത്തിനിടെ ക്രൂരമായി കുത്തി താഴെയിട്ടത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ ഉടൻ പരാതി നൽകും.
അതേസമയം, തിരുവനന്തപുരം വലിയതുറയിലും വിമാനത്താവള പരിസരത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയതായി പരാതി ഉയർന്നിരുന്നു. പീപ്പിള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരം എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് നായ്ക്കളെ പിടികൂടി കൊന്നു കുഴിച്ചുമൂടിയെന്നാണ് ആരോപണം. നിരവധി നായ്ക്കളെ വലിയതുറ പൊന്നറ പാലത്തിനു സമീപത്തെ കാടുമൂടിയ സ്ഥലത്ത് കുഴിച്ചു മൂടിയെന്നാണ് സംഘടനയുടെ പരാതി. 'മെഗ് സള്‍ഫ്' എന്ന രാസവസ്തു ഉപയോഗിച്ചാണ് നായ്ക്കളെ കൊല്ലുന്നതെന്നും ഏറെ നേരം പിടഞ്ഞാണ് ജീവന്‍ നഷ്ടപ്പെടുന്നതെന്നും പീപ്പിള്‍ ഫോര്‍ അനിമല്‍സിലെ പ്രവര്‍ത്തക അറിയിച്ചു.