റോഡ് ഉപയോഗത്തിൽ തര്‍ക്കം; ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളയെും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

By Web Team  |  First Published Oct 5, 2024, 7:41 PM IST

റോഡിന്റെ വീതി കുറവായതിനാലും പൊടി ശല്യവും കാരണം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടന്നിരുന്ന ക്വാറി ഇന്ന് ഉടമകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയും നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.


കോഴിക്കോട്: റോഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ക്വാറി ഉടമയും സംഘവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ ആദംപടി തോണിച്ചാല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സെല്‍വ ക്രഷര്‍ ആന്റ് മെറ്റല്‍സ് ഉടമ സല്‍വാനും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സെല്‍വ ക്രഷര്‍ ആന്‍ഡ് മെറ്റല്‍സിലേക്ക് ലോറി പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രദേശവാസിയായ നൗഷാദിന്റെ വീട്ടില്‍ കയറി ഭാര്യ സെല്‍മ, ഒന്നര വയസുകാരനായ മകന്‍ മുഹമ്മദ് റയാന്‍, മാതാവ് മൈമൂന, സഹോദരന്‍ സെകീര്‍, സെക്കീറിന്റെ ഭാര്യയും ഗര്‍ഭിണിയുമായ അബിന്‍ഷ എന്നിവരെ മര്‍ദിച്ചു എന്നാണ് പരാതി. ഇവര്‍ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

Latest Videos

undefined

ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. റോഡിന്റെ വീതി കുറവായതിനാലും പൊടി ശല്യവും കാരണം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടന്നിരുന്ന ക്വാറി ഇന്ന് ഉടമകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയും നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മുക്കം പോലീസ് സ്ഥലത്ത് എത്തുകയും ക്വാറിയില്‍ നിന്നും ലോഡുമായി വരുന്ന ലോറികള്‍ കടത്തിവിടുകയുംചെയ്തു. വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാന്‍ ലോറി എത്തിയതോടെ നാട്ടുകാര്‍ തടയുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഈ സമയത്താണ് ക്വാറി ഉടമയും കൂട്ടാളികളും നൗഷാദിന്റെ വീട്ടില്‍ കയറി ആക്രമിച്ചതെന്നാണ് പരാതി.

അതേസമയം, റോഡ് വീതി കൂട്ടുന്നത് വരെ താൽക്കാലികമായി ആറ് മാസത്തേക്ക് പഞ്ചായത്ത് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് ക്രഷറില്‍ പ്രവര്‍ത്തി ആരംഭിച്ചതെന്ന് ക്വാറി ഉടമകള്‍ പറഞ്ഞു. അനുമതിയോടു കൂടി കൊണ്ടുപോവുകയായിരുന്ന ലോഡ് തടഞ്ഞത്തോടെ കാര്യം തിരക്കാന്‍ ചെന്നപ്പോള്‍ ഏതാനും പേര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ക്വാറി ഉടമ സല്‍വാന്‍, ലോറിഡ്രൈവര്‍ എന്നിവര്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഹരിയാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോളുകൾ, 55 മുതൽ 62 വരെ സീറ്റുകൾ, ബിജെപി തകർന്നടിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!