ഒരു രാത്രി കൊണ്ടുതന്നെ നിരവധി സ്ഥാപനങ്ങളിലെ പൂട്ടുകൾ തകർത്ത് അകത്ത് കടന്നിട്ടുണ്ട്. ഒരു സ്ഥലത്തെ സിസിടിവി ക്യാമറകളും തകർത്തു.
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. രണ്ട് കടകളിൽ നിന്ന് പണം കവർന്നു. രണ്ട് കടകളിൽ സാധനങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം നടന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം പുലർച്ചെയെ രണ്ട് മണിയോടെയാണ് മുക്കൂട്ടുതറ ടൗണിലെ കടകളിൽ മോഷണം നടന്നത്. ജൻ ഔഷധി, പേഴത്തുവയൽ സ്റ്റോർസ് എന്നിവിടങ്ങളിൽ നിന്നാണ് പണം കവർന്നത്, നീതി മെഡിക്കൽസ്, തകടിയിൽ ഫിഷ് മാർട്ട് എന്നീ കടകൾക്കുള്ളിൽ കയറി മോഷണ ശ്രമം നടത്തി. ഒരു കടയിൽ നിന്ന് മോഷ്ടാവ് എന്ന കരുതുന്ന ഒരാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചയാൾ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പൂട്ട് തകർത്താണ് കടയ്ക്കുള്ളിലേക്ക് കയറിയത്.
എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തല്ലി തകർത്തായിരുന്നു ഉള്ളിൽ പ്രവേശിച്ചത്. ജൻ ഔഷധിയിലെ സിസിടിവി ക്യാമറകളും മോഷ്ടാവ് നശിപ്പിച്ചു. മോഷണത്തിന് മുമ്പ് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരി മാറ്റിയിരുന്നു. ഒന്നിലധികം ആളുകൾ മോഷണ സംഘത്തിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പരിശോധന. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായും ഉടൻ കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്നും പോലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം