റോഡിലെ തിരക്കുകൾ കാരണം അഞ്ച് മിനിറ്റ് വൈകി; കേണപേക്ഷിച്ചിട്ടും അംഗപരിമിതയ്ക്ക് പിഎസ്സി പരീക്ഷ എഴുതാനായില്ല

By Nikhil Pradeep  |  First Published May 12, 2023, 12:20 PM IST

ഇരു കൈകളിലെയും രണ്ട് വിരലുകൾ ഉപയോഗിച്ച് ടൈപ്പ് റൈറ്റിംഗ് പഠിച്ച ചിത്ര ജീവിതത്തിൽ ഒരിക്കലും തോറ്റു കൊടുക്കാൻ തയ്യാർ അല്ലായിരുന്നു. ചിത്രയ്ക്ക് ഏറെ പ്രതീക്ഷയുള്ള പി.എസ്.സി പരീക്ഷ ആയിരുന്നു ഇന്നലെ നടന്ന വിലേജ് ഫീൽഡ് അസിസ്റ്റൻ്റ് പരീക്ഷ. ജി.എച്ച്.എസ്.എസ് ജഗതി ആയിരുന്നു ചിത്രയുടെ പരീക്ഷ കേന്ദ്രം.


തിരുവനന്തപുരം: റോഡിലെ തിരക്കുകൾ കാരണം റിപ്പോർട്ടിങ് സമയത്തിന് അഞ്ചു മിനിറ്റ് വൈകി എത്തിയ അംഗപരിമിതയ്ക്ക് പി.എസ്.സി പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. വൈകല്യങ്ങൾ മറന്ന് ജീവിത പ്രാരാബ്ധങ്ങൾക്ക് ഇടയിലും സമൂഹ സേവനം നടത്തുന്ന വ്യക്തിയാണ് ചിത്ര എന്ന 30 വയസുകാരി. പാഴ് കുപ്പികളിൽ കലാവിരുത് തീർത്ത് അതിന്റെ ഉടമസ്ഥാവകാശം നേടിയ വിഴിഞ്ഞം മുല്ലൂർ പനനിന്ന തട്ട് വീട്ടിൽ പരേതയായ ആർ. കൃഷ്ണൻ കുട്ടിയുടെയും ജയയുടെയും മകളായ ജെ. ചിത്രയെ കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് മുൻപ് വാർത്ത നൽകിയിരുന്നു. 

കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബിരുദധാരിയായ ചിത്ര മുൻപ് എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു എങ്കിലും ടൈപ്പ് അറിയില്ല എന്ന കാരണത്താൽ അത് ലഭിച്ചില്ല. ഈ വാശിയിൽ ഇരു കൈകളിലെയും രണ്ട് വിരലുകൾ ഉപയോഗിച്ച് ടൈപ്പ് റൈറ്റിംഗ് പഠിച്ച ചിത്ര ജീവിതത്തിൽ ഒരിക്കലും തോറ്റു കൊടുക്കാൻ തയ്യാർ അല്ലായിരുന്നു. ചിത്രയ്ക്ക് ഏറെ പ്രതീക്ഷയുള്ള പി.എസ്.സി പരീക്ഷ ആയിരുന്നു ഇന്നലെ നടന്ന വിലേജ് ഫീൽഡ് അസിസ്റ്റൻ്റ് പരീക്ഷ. ജി.എച്ച്.എസ്.എസ് ജഗതി ആയിരുന്നു ചിത്രയുടെ പരീക്ഷ കേന്ദ്രം. 11 മണി ആയിരുന്നു പരീക്ഷ സമയം. ഉദ്യോഗാർത്ഥികൾ 10.30 നു പരീക്ഷ കേന്ദ്രത്തിൽ റിപോർട്ട് ചെയ്യാൻ ആയിരുന്നു നിർദേശം. 

Latest Videos

undefined

ഹാൾ ടിക്കറ്റിൽ ബസ് സ്റ്റാൻഡിൽ നിന്ന് 1.5 കിലോമീറ്റർ മാത്രം ആണ് സ്കൂളിലേക്കുള്ള ദൂരം രേഖപ്പെടുത്തിയിരുന്നത് എന്ന് ചിത്ര പറയുന്നു. നടന്നു പോകാൻ ഉള്ള ദൂരം മാത്രം ഉള്ളതിനാൽ ബസ്സിന് വേണ്ടിയുള്ള തുക മാത്രം ആണ് കയ്യിൽ കരുതിയത് എന്ന് ചിത്ര പറഞ്ഞു. തമ്പാനൂരിൽ ബസ് ഇറങ്ങി അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് വഴി ചോദിച്ചപ്പോൾ ആണ് സ്കൂളിലേക്ക് മൂന്ന് കിലോമീറ്ററിൽ അധികം ഉണ്ടെന്ന് മനസ്സിലാകുന്നത്. ഓട്ടോറിക്ഷയിൽ പോകാൻ ആണെങ്കിൽ കയ്യിൽ പൈസയും ഇല്ല. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥൻ ചിത്രക്ക് ഓട്ടോറിക്ഷ തരപ്പെടുത്തി നൽകി. എന്നാൽ റോഡിലെ തിരക്കുകൾ കാരണം പരീക്ഷ കേന്ദ്രത്തിൽ എത്തിയപ്പോഴേക്കും 10.35 ആയിരുന്നു. റിപ്പോർട്ടിങ് സമയം അവസാനിച്ചതിനാൽ സ്കൂളിലെ ഗേറ്റുകൾ അടച്ചിരുന്നു. തുടർന്ന് പല തവണ ചിത്ര അവിടെയുള്ളവരോട് കരഞ്ഞു പറഞ്ഞെങ്കിലും റിപ്പോർട്ടിങ് സമയം കഴിഞ്ഞതിനാൽ ഗേറ്റ് തുറക്കാൻ തയ്യാറായില്ല. തുടർന്ന് ചിത്ര പൊലീസ് കൺട്രോൾ റൂമിൽ സഹായം തേടി. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും പരീക്ഷ ആരംഭിച്ചിരുന്നു. പരീക്ഷ കേന്ദ്രത്തിന് മുന്നിൽ നിന്ന് കരയുന്ന ചിത്രം മാധ്യമങ്ങളിൽ വന്നതോടെ നിരന്തരം ഫോൺ വിളികൾ വരുന്നുണ്ട് എന്ന് ചിത്ര പറഞ്ഞു.

Read Also: മന്ത്രിക്ക് ആരോഗ്യവകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളത് ? മെലോഡ്രാമ കളിച്ചിട്ട് കാര്യമില്ല: ചെന്നിത്തല

tags
click me!