ഫേസ്ബുക്കിലെ ഒറ്റ കമന്റ്; പിന്നെ ധന്യയെ കണ്ടത് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍

By Web Team  |  First Published Sep 3, 2021, 12:53 PM IST

ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയാണ് ധന്യ കമന്റ് ചെയ്തത്
 


ഇടുക്കി: സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ചിലപ്പോള്‍ അത്ര വലിയ സമയമൊന്നും വേണ്ടെന്നേ..നമ്മുടെ സമയം ശരിയാണെങ്കില്‍ സ്വപ്നങ്ങള്‍ ഒരു പൂമരം പോലെ പൂത്തുലയും. ഫേസ്ബുക്കില്‍ വെറുതെ കമന്റിട്ടതാണ് തൊടുപുഴ സ്വദേശിനിയായ ധന്യ സോജന്റെ ജീവിതം മാറ്റിമറിച്ചത്. പിന്നെ ഈ ഇരുപതുകാരിയെ കണ്ടത് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പരസ്യചിത്രത്തിലായിരുന്നു.

ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയാണ് ധന്യ കമന്റ് ചെയ്തത്.'' ഇതുപോലെ ആഭരണങ്ങള്‍ അണിയാനും കുറെ ചിത്രങ്ങള്‍ എടുക്കാനും കൊതിയാകുന്നു'' എന്നായിരുന്നു ധന്യയുടെ കമന്റ്. കമന്റ് ശ്രദ്ധയില്‍ പെട്ട മലബാര്‍ ഗോള്‍ഡ് അധികൃതര്‍ ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിന് ഒരുങ്ങിക്കോളാന്‍ ആവശ്യപ്പെട്ടു. വെള്ള ഗൗണ്‍ അണിഞ്ഞ് അതിനെക്കാള്‍ മനോഹരമായ പുഞ്ചിരിയോടെ പ്രൊഫഷണലുകളായ മോഡലുകള്‍ക്കൊപ്പം ധന്യ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. 

Latest Videos

നടി കരീന കപൂര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തതോടെ ധന്യ വൈറലാവുകയും ചെയ്തു. മലബാര്‍ ഗോള്‍ഡില്‍ നിന്നും ധന്യയെ വിളിക്കുന്നതും ധന്യ ഫോട്ടോഷൂട്ടിന് പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്.''സത്യം പറഞ്ഞാല്‍ എല്ലാം അപ്രതീക്ഷിതമായിരുന്നു. സന്തോഷം ഇങ്ങനെ തുളുമ്പി നില്‍ക്കുകയാണ്. അതെങ്ങെനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല'' ധന്യ വീഡിയോയില്‍ പറയുന്നു. ഇനിയും കുറെ ആഗ്രഹങ്ങളുണ്ടെന്നും അതിലൊരു ആഗ്രഹമാണ് സഫലീകരിച്ചതെന്നും ധന്യ പറയുന്നു.

പാണ്ടിയാന്‍മാക്കല്‍ സോജന്‍ ജോസഫിന്റെ മകളാണ് ധന്യ. ഒരു പോരാളി കൂടിയാണ് ധന്യ. ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം ചുരുങ്ങുന്ന കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഡിസോര്‍ട്ടര്‍ എന്ന അസുഖബാധിതയായ ധന്യയുടെ ജീവിതം തളര്‍ന്നുപോകുന്നവര്‍ക്ക് ഒരു പ്രചോദനമാണ്. പ്ലസ് ടുവിന് ശേഷം കാനഡയില്‍ ഡിപ്ലോമ ചെയ്യുന്നതിനിടെയാണ് ധന്യ രോഗബാധിതയാകുന്നത്. അവസാന സെമസ്റ്റര്‍ ആശുപത്രിയില്‍ വച്ചാണ് പൂര്‍ത്തിയാക്കിയ. ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!