ഉത്‌സവ ഒരുക്കങ്ങൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കേരള, തമിഴ്‌നാട് സർക്കാറുകൾ സംയുക്തമായാണ് ഉത്സവം നടത്തുക.
ഇടുക്കി: ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ13 ന് കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു.
ഉത്‌സവ ഒരുക്കങ്ങൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കേരള, തമിഴ്‌നാട് സർക്കാറുകൾ സംയുക്തമായാണ് ഉത്സവം നടത്തുക. പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവിയിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് സന്ദർശന അനുമതി. പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാകും ഇത്തവണയും ഉത്സവം നടത്തുക. എ ഡി എം ജ്യോതി. ബി, പീരുമേട് തഹസിൽദാർ സണ്ണി ജോർജ്, കുമളി വില്ലേജ് ഓഫീസർ, വനം - റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
അതേസമയം, കൊടുങ്ങലൂര്‍ ഭരണിയോട് അനുബന്ധിച്ച് ഏപ്രില്‍ ഒമ്പതിന് തൃശൂര്‍ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. കൊടുങ്ങലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...