ദേവികുളം മേഖലയിലെ ആയിരക്കണക്കിന് വരുന്ന തോട്ടംതൊഴിലാളികള്‍ക്കും ആദിവാസി ജനവിഭാഗങ്ങള്‍ക്കും ആശ്രയമായ ദേവികുളം സിഎച്ച്സിയിലേയ്ക്കുള്ള റോഡാണ് നിലവില്‍ പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലുള്ളത്.
ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ദേവികുളം സി എച്ച് സി റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല. പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോളും റോഡ് നന്നാക്കന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ദേവികുളം മേഖലയിലെ ആയിരക്കണക്കിന് വരുന്ന തോട്ടംതൊഴിലാളികള്‍ക്കും ആദിവാസി ജനവിഭാഗങ്ങള്‍ക്കും ആശ്രയമായ ദേവികുളം സിഎച്ച്സിയിലേയ്ക്കുള്ള റോഡാണ് നിലവില്‍ പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലുള്ളത്.
പ്രളയത്തിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പ്രദേശത്തെ നിരവധി വീടുകളും റോഡും ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മൂന്ന് പേരുടെ ജിവനും ഇതിനിടെ നഷ്ടപ്പെട്ടു. വലിയ ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിടുമ്പോളും പ്രദേശത്തെ റോഡ് നന്നാക്കുന്നതിനും മറ്റ് അനുബന്ധ പണികളും നടത്തുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. വേനലിന് ശേഷം വീണ്ടും മഴക്കാലമെത്തുന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുമെന്നതാണ് നാട്ടുകാരുടെ വാദം. പ്രശ്‌നത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.