പകുതിയോളം ബിരിയാണി കഴിച്ച ശേഷമാണ് സിഐ പഴുതാരയെ കണ്ടത്. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.
പത്തനംതിട്ട: തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജംഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പകുതിയോളം ബിരിയാണി കഴിച്ച ശേഷമാണ് സിഐ പഴുതാരയെ കണ്ടത്. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.
ഇന്ന് ഉച്ചക്കാണ് സ്റ്റേഷനിലെ ഡ്യൂട്ടിക്കിടയിൽ കഴിക്കാനായി സിഐ ചിക്കൻ ബിരിയാണി വാങ്ങിയത്. പകുതി ഭക്ഷണം കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടതെന്ന് സിഐ വ്യക്തമാക്കുന്നു. ഉടൻ തന്നെ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു. സിഐയിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് രേഖാമൂലം പരാതിയും എഴുതി വാങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ ലൈസൻസ് അവസാനിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തെളിവടക്കം സിഐ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.