'പലിശയ്ക്ക് 10000 രൂപ മേടിച്ചാ സ്കാൻ ചെയ്തത്'; സ്കാൻ യന്ത്രം തകരാറിൽ, വലഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾ

By Web Team  |  First Published Jan 3, 2024, 2:39 PM IST

1500 രൂപ വരെയാണ് മെഡിക്കൽ കോളേജിൽ സ്കാനിംഗിനുള്ള ചിലവ്. സ്വകാര്യ സ്ഥാപനങ്ങളിൽ സ്കാൻ ചെയ്യുമ്പോൾ വലിയ തുക നൽകേണ്ടി വരും


ആലപ്പുഴ: സിടി സ്കാൻ യന്ത്രം തകരാറിലായതോടെ ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾ ദുരിതത്തിൽ. പലരും സ്വകാര്യ സ്ഥാപനങ്ങളിലാണ് വലിയ തുക നൽകി സ്കാൻ ചെയ്യുന്നത്. അടിയന്തര ചികിത്സയ്ക്കെത്തുന്നവരും ഇതോടെ പ്രതിസന്ധിയിലായി.

വയറുവേദനയ്ക്ക് ചികിത്സ തേടുന്ന മകന് കൂട്ടായി മെഡിക്കൽ കോളേജിലെത്തിയതാണ് മേരി. സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചെങ്കിലും സ്കാനിംഗ് യന്ത്രം പ്രവർത്തിക്കുന്നില്ല. ഒടുവിൽ പണം പലിശയ്ക്കെടുത്താണ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സ്കാൻ ചെയ്തത്. പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയാണ് 6000 രൂപ കൊടുത്ത് സ്കാന്‍ ചെയ്തതെന്ന് മേരി പറഞ്ഞു.

Latest Videos

undefined

മേരിയെപ്പോലെ നിരവധി പേരാണ് വലയുന്നത്. 1500 രൂപ വരെയാണ് മെഡിക്കൽ കോളേജിൽ സ്കാനിംഗിനുള്ള ചിലവ്. സ്വകാര്യ സ്ഥാപനങ്ങളിൽ സ്കാൻ ചെയ്യുമ്പോൾ വലിയ തുക നൽകേണ്ടി വരും. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്കും പുറത്ത് സ്കാൻ ചെയ്യേണ്ട ഗതികേടാണ്. ചില രോഗികളെ ജനറൽ ആശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്യുന്നുണ്ടെങ്കിലും ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സ്കാനിംഗ് യന്ത്രത്തിലെ പിക്ചർ ട്യൂബ് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സ്കാനിംഗ് സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു.

ദിനംപ്രതി ഇരുനൂറിലധികം സ്കാനിംഗാണ് മെഡിക്കൽ കോളേജിൽ നടന്നിരുന്നത്. വെള്ളിയാഴ്ചയോടെ പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം

click me!