പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് നോക്കിയപ്പോഴേക്കും കുട്ടി പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.
തൃശൂര്‍: തൃശൂര്‍ പുല്ലഴിയില്‍ ഫ്ലാറ്റിലേയ്ക്ക് പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പേരെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴച്ച പുലര്‍ച്ചെയാണ് പുല്ലഴിയിലെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ ഫ്ളാറ്റ് സമുച്ചയത്തില്‍ പടക്കമേറുണ്ടായത്. പടക്കമേറില്‍ ഫ്ളാറ്റിന്റെ വാതിലുകള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ സംഭവിച്ചു.
ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള എ. സുശീല്‍ കുമാറിന്റെ ഫ്ളാറ്റിലേയ്ക്കാണ് പടക്കമെറിഞ്ഞത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് നോക്കിയപ്പോഴേക്കും എറിഞ്ഞവര്‍ ഓടിരക്ഷപ്പെട്ടിരുന്നു. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പൊലീസിനു മൊഴി നല്‍കിയിതിന്റെ അടിസഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ
പിടികൂടിയത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ മൂന്ന് പ്രതികളെ പൊലീസ് സഥലം വളഞ്ഞാണ് ഒളരിയിലെ ഒരോ പ്രദേശത്ത് നിന്ന് പിടികൂടിയത്. പുല്ലഴി കുന്നിന്റെ അടുത്ത് നിന്നാണ് മറ്റൊരു പ്രതി പിടിയിലാകുന്നത്. പടക്കമാണോ ബോംബുപോലെയുള്ള സ്ഫോടകവസ്തുക്കളാണോ എന്ന കാര്യം ഫോറന്‍സിക് സംഘം സഥലത്ത് എത്തി പരിശോധിച്ച് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
പിടിയിലായ കുട്ടികളും പുല്ലഴി ഫ്ലാറ്റ് സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിലെ കുട്ടികളുമായി തര്‍ക്കമുണ്ടായിരുന്നു. അതില്‍ കഴിഞ്ഞ മാസം ഫ്ലാറ്റില്‍ താമസിക്കുന്ന യുവാവ് ഇപ്പോള്‍ പിടിയിലായ ഒരു കുട്ടിയുടെ നേരെ വാള്‍ വീശി ഭീഷണിപ്പെടുത്തകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ബാക്കി മൂന്ന് പേരും കൂടി ചേര്‍ന്ന് പടക്കമെറിഞ്ഞത്.
പടക്കമെറിഞ്ഞ ശേഷമാണ് കുട്ടികള്‍ക്ക് ഫ്ലാറ്റ് മാറിപ്പോയെന്ന് മനസിലായത്. പിടിയിലായവരെ കുറിച്ച് നിരവധി പരാതികള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകത്തവര്‍ എന്ന പരിഗണനയില്‍ കുട്ടി പ്രതികള്‍ രക്ഷപ്പെടുക പതിവാണ്. പന്നിപ്പടക്കം എറിഞ്ഞ കുട്ടി പ്രതിയും നിരവധി കേസില്‍ മുമ്പും ഉള്‍പ്പെട്ടിരുന്നു. ഒരു പ്രമുഖ ഗുണ്ടയുടെ ബന്ധുവും സംഘാംഗവും കൂടിയാണ് ഈ കുട്ടി. പ്രതികള്‍ മയക്ക് മരുന്നുകള്‍ക്ക് അടിമകള്‍ കൂടിയാണെന്നാണ് വിവരം.
READ MORE: അമിത വേഗതയിലെത്തിയ ഥാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന 19കാരൻ മരിച്ചു