
പത്തനംതിട്ട : അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം കൗൺസിലർ. പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പിൻവലിച്ചത്. സിപിഎം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു. ലഹരിക്കച്ചവടത്തിന്‍റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്നായിരുന്നു ആരോപണം.
ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സിപിഎം കൗൺസിലറായ റോണി പാണംതുണ്ടിലാണ് പാർട്ടിയുടെ തന്നെ നഗരസഭ അധ്യക്ഷയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. സിപിഎം കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ശബ്ദരേഖ പുറത്തുവന്നത്. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു റോണി അടുത്ത ദിവസം നൽകിയ വിശദീകരണം. എന്നാൽ രണ്ടാഴ്ചയ്ക്കിപ്പുറം പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുകയാണ് റോണി.
സിപിഎം നേതൃത്വത്തിന്‍റെ കർശന ഇടപെടലിന് പിന്നാലെയാണ് റോണിയും പാർട്ടി ഏരിയ സെക്രട്ടറിയും നഗരസഭ അധ്യക്ഷയ്ക്ക് ക്ലീൻചിറ്റ് നൽകിയത്. നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് സിപിഎം ഏരിയ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ നേതാവുമാണ്. റോണിയുടെ ആരോപണത്തിനെതിരെ ദിവ്യ റെജി മുഹമ്മദ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും വക്കീൽ നോട്ടീസ് അയയ്ക്കുയും ചെയ്തു. വിവാദം കൂടുതൽ ആളിക്കത്തും മുൻപ് അവസാനിപ്പിക്കണമെന്ന് ഇതോടെ നേതൃത്വം കർശന നിർദേശം നൽകി. അങ്ങനെയാണ് വാർത്താസമ്മേളനം വിളിച്ച് ആരോപണം വിഴുങ്ങിയത്.
അതേസമയം, ദിവ്യ റെജി മുഹമ്മദിന്‍റെ നഗരസഭ അധ്യക്ഷ സ്ഥാനം തെറിപ്പിക്കാൻ സിപിഎം പ്രാദേശിക നേതാക്കളിൽ ചിലർ റോണിയെ ഉപയോഗിച്ചതാണെന്നും അവർക്കുള്ള തിരിച്ചടിയാണ് നേതൃത്വത്തിന്‍റെ ഇടപെടിലെന്നുമാണ് ഒരുവിഭാഗം സിപിഎം നേതാക്കൾ പറയുന്നത്.
'ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുന്നു', എമ്പുരാൻ വിവാദത്തില്‍ ആസിഫ് അലി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam