പ്രതിനിധി സമ്മേളനത്തിന് 185 പേർ; കൊവിഡ് നിയന്ത്രണങ്ങൾക്കിടെ സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

By Web TeamFirst Published Jan 21, 2022, 6:32 AM IST
Highlights

കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ ആരോ​ഗ്യ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം

കാസർകോട്: സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാർട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദൻ , ടി പി രാമകൃഷ്ണൻ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ ആരോ​ഗ്യ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണൻ തുടരാനാണ് സാധ്യത.

Latest Videos

തൃശൂർ ജില്ലാ സമ്മേളനവും ഇന്ന് തുടങ്ങും

കാസർകോടിനൊപ്പം തൃശൂർ സിപിഎം ജില്ലാ സമ്മേളനവും ഇന്ന് തുടങ്ങും. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ്പ്രതിനിധി സമ്മേളനം നടക്കുക കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. പ്രവർത്തന റിപ്പോർട്ടിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രൂക്ഷ വിമര്‍ശനമുണ്ട്.

പാർട്ടിയുടെ യശസിനെ ബാധിക്കുന്ന വിധത്തിൽ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രത്യേക ഭാഗമായിട്ടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും പാർട്ടി പ്രതീക്ഷിക്കുന്ന തലത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഉയരുന്നില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുമുണ്ട്. 

click me!