സ്‌മാര്‍ട്ട് റോഡ് നിര്‍മ്മാണ കരാറുകാരനെ സിപിഎം കൗൺസിലറും സംഘവും മര്‍ദ്ദിച്ചു; തല്ലിയത് റോഡ് അടച്ചതിന്

By Web Team  |  First Published Mar 27, 2024, 5:23 PM IST

തിരുവനന്തപുരം നഗരസഭയിലെ സിപിഎം കൗൺസിലര്‍ മാധവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്


തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്മാർട്ട് റോഡ് നിർമാണത്തിനായി റോഡ് അടച്ചതിന്റെ പേരിൽ പ്രതിഷേധവും തല്ലും. സ്മാർട്ട് റോഡ് കോൺട്രാക്ടർക്ക് മർദ്ദനമേറ്റതായി പരാതി. തൈക്കാട് ആര്‍ട്‌സ് കോളേജിന്റെ ഭാഗത്താണ് സംഭവം നടന്നത്. ഈ ഭാഗത്ത് റോഡ് അടച്ചതിനെതിരെ കൗൺസിലര്‍ മാധവദാസിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് കരാറുകാരനായ സുധീറിനെ ഇവര്‍ മര്‍ദ്ദിച്ചതെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പൊലീസിന്റെ സംരക്ഷണയിൽ ഇവിടെ റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു.

തൈക്കാട് ആർട്സ് കോളെജിന്റെ ഭാഗത്തെ റോഡ് പൂർണമായി അടച്ചത് ചോദ്യം ചെയ്തായിരുന്നു സിപിഎം കൗൺസിലറായ മാധവദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാര്‍ എത്തിയത്. ഇരു ചക്രവാഹനങ്ങളെങ്കിലും കടത്തിവിടണമെന്നായിരുന്നു ആവശ്യം. ഇതിനിടെ കരാറുകാരനും തൊഴിലാളികളും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കുതർക്കത്തിനിടെ കോൺട്രാക്ടർ സുധീറിനെ മർദ്ദിച്ചെന്നാണ് പരാതി.  സംഘർഷാവസ്ഥയെ തുടർന്ന് പണി നിർത്തിവച്ചു. പൊലീസും സ്മാർട്ട് സിറ്റി അധികൃതരും സ്ഥലത്തെത്തി.  പിന്നാലെ പൊലീസ് സംരക്ഷണത്തോടെയാണ് റോഡ് നിർമാണം വീണ്ടും തുടങ്ങാനായത്. 

Latest Videos

undefined

മുന്നറിയിപ്പില്ലാതെ റോഡ് അടച്ച് ഗതാഗതം തടഞ്ഞതാണ് ചോദ്യം ചെയ്തത് എന്നാണ് കൗൺസിലർ മാധവദാസിന്റെ വിശദീകരണം.  തനിക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായെന്നും മാധവദാസ് പറഞ്ഞു. ഓദ്യോഗികമായി പരാതി കിട്ടിയാൽ,  കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. തൈക്കാട് ഭാഗത്തേക്കുള്ള റോഡുകൾ എല്ലാം ഒന്നിച്ച് അടച്ചിട്ടുളള പണിയിൽ ജനരോഷമുണ്ട്. റോഡ് അടച്ചതിനെ ചൊല്ലി നേരത്തെയും വാക്കു തർക്കങ്ങളുണ്ടായിരുന്നു. ഈ മാസം ആദ്യം തീർക്കേണ്ട പണിയാണ് നീണ്ടു നീണ്ടുപോയത്. ഏപ്രിൽ അവസാനത്തോടെ പണി തീർക്കുമെന്നാണ് ഏറ്റവും ഒടുവിൽ സ്മാർട്ട് സിറ്റി അധികൃതർ ഉറപ്പ് നൽകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!