തദ്ദേശഭരണ മന്ത്രി പങ്കെടുത്ത അദാലത്തിലെ തീരുമാനത്തെ മറയാക്കിയാണ് ട്രേഡ് സെന്‍ററിന്‍റെ പ്രതിരോധം.
കോഴിക്കോട്: സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്‍ററിലെ പുതുവര്‍ഷാഘോഷം നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് കോര്‍പറേഷന്‍. ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് പരിപാടി സംഘടിപ്പിച്ചതെതെന്നും ട്രേഡ് സെന്‍റര്‍ അനധികൃത കെട്ടിടമെന്നും വ്യക്തമാക്കിയ കോര്‍പറേഷന്‍ ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അറിയിച്ചു. എന്നാല്‍ തദ്ദേശഭരണ മന്ത്രി പങ്കെടുത്ത അദാലത്തിലെ തീരുമാനത്തെ മറയാക്കിയാണ് ട്രേഡ് സെന്‍ററിന്‍റെ പ്രതിരോധം.
തണ്ണീര്‍തടം നികത്തലടക്കം ആരോപിച്ചുള്ള ജനകീയ പ്രതിഷേധവും പുതുവര്‍ഷ പരിപാടിക്ക് ലൈസന്‍സ് അനുവദിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു ട്രേഡ് സെന്‍ററിലെ പുതുവര്‍ഷാഘോഷ പരിപാടികള്‍ക്ക് കോര്‍പറേഷന്‍ അനുമതി നിഷേധിച്ചത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഡിസംബര്‍ 31ന് കോര്‍പറേഷന്‍ സ്റ്റോപ് മെമോ ഇറക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടിയ ട്രേഡ് സെന്‍റര്‍ പരിപാടി നിശ്ചയിച്ച പ്രകാരം നടത്തി.
നിബന്ധനകള്‍ പാലിച്ചാലേ സ്റ്റേ ഉത്തരവ് നടപ്പാകൂ എന്ന ഉപാധിയോടെ ഹൈക്കോടതി ഇറക്കിയ ഉത്തരവിനെ നിരുപാധിക ഉത്തരവായി വ്യാഖ്യാനിച്ചും നിബന്ധനകള്‍ പാലിക്കാതെയുമാണ് പുതുവര്‍ഷ പരിപാടി സംഘടിപ്പിച്ചതെന്ന് കോര്‍പറേഷന്‍ പറയുന്നു. ട്രേഡ് സെന്‍ററിലെ ഒരു കെട്ടിടത്തിന് മാത്രമാണ് പെര്‍മിറ്റ് ഉളളതെന്നും ബാക്കിയെല്ലാം അനധികൃതമായി കൂട്ടിച്ചേര്‍ത്തതാണെന്നും കോര്‍പറേഷന്‍ വിശദീകരിച്ചു.
എന്നാല്‍ തദ്ദേശഭരണ മന്ത്രി പങ്കെടുത്ത അദാലത്തില്‍ നിര്‍മാണമെല്ലാം ക്രമപ്പെടുത്താനുളള തീരുമാനമുണ്ടെന്നും ഇതുസംബന്ധിച്ച് കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കിയെന്നുമാണ് ട്രേഡ് സെന്‍റര്‍ വാദം. ട്രേഡ് സെന്‍ററിന്‍റെ പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെ തണ്ണീര്‍തടമാണെന്നാരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് റവന്യൂ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'2570 ഏക്കർ ഏറ്റെടുക്കാം' ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിലെ സാമൂഹികാഘാത പഠന റിപ്പോർട്ട്