തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ടിനുള്ളിൽ ഗ്രൗണ്ട് ഹാൻഡിലിംഗിന് കെ.എസ്.ആർ.ടി.സിക്ക് കരാർ.
തിരുവനന്തപുരം: അന്താരാഷ്ട്ര എയർ പോർട്ടിനുള്ളിൽ വിമാനയാത്രക്കാരുടെ സഞ്ചാരത്തിന് കെഎസ്ആർടിസിയും എയർപോർട്ട് ഗ്രൗണ്ട് ഹാൻസിലിംഗ് ഏജൻസിയായ BIRD-GSEC യുമായി കരാറിലേർപ്പെട്ടു. ഏതെങ്കിലും ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സർവ്വീസ് നടത്തുന്നതിന് കെഎസ്ആർടിസിക്ക് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്.
BIRD-GSEC - യുടെ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഈ സർവ്വീസ് നടത്തുന്നത്. വോൾവോയുടെ നവീകരിച്ച ലോ-ഫ്ലോർ എ.സി ബസാണ് സർവ്വീസിനായി ഉപയോഗിക്കുന്നത്.
undefined
ഗതാഗത വകുപ്പ് വകുപ്പ് സെക്രട്ടറി, കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഐഎഎസ് എന്നിവരുടെ മേൽനോട്ടത്തിലുമാണ് കെഎസ്ആർടിസിയും BIRD-GSEC യുമായി കരാറിലേർപ്പെട്ടത്. എൻ.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജർ - ബഡ്ജറ്റ് ടൂറിസം സെൽ), കെ.ജി സൈജു (അസി. ക്ലസ്റ്റർ ഓഫീസർ - തിരു: സിറ്റി) ബോബി ജോർജ്ജ് ( ഡിപ്പോ എഞ്ചിനിയർ), വൃന്ദാ നായർ ( ഓപ്പറേഷൻസ് മാനേജർ BIRD - GSEC), എ. റെഡ്ഡി (ഫിനാൻസ് മാനേജർ - BIRD - GSEC) ഹർപാൽ സിംഗ് (ജി.എസ്.ഡി മാനേജർ BIRD - GSEC)തുടങ്ങിയവർ സർവ്വീസ് ആരംഭിക്കുന്ന ചടങ്ങിലും ധാരണാപത്രം ഒപ്പ് വയ്ക്കുന്ന ചടങ്ങിലും പങ്കെടുത്തു.
അതേസമയം, സാമ്പത്തിക പ്രതിന്ധിക്കിടെ കെഎസ്ആർടിസിക്ക് സംസ്ഥാന ധനവകുപ്പ് 30 കോടി രൂപ കൂടി അനുവദിച്ചു. ഈ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. ശമ്പളം നൽകാൻ 50 കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ കോർപറേഷൻ തൊഴിലാളികൾ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത്.
കെഎസ്ആര്‍ടിസിയിൽ ഗഡുക്കളായുള്ള ശമ്പള വിതരണം ആറ് മാസം കൂടി തുടരുമെന്നാണ് മാനേജ്മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും തൊഴിലാളി യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചര്‍ച്ചയിൽ മാനേജ്മെന്റ് നിലപാട് അറിയിക്കുകയായിരുന്നു.