ഓൺലൈൻ ജോലി പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ കിട്ടിയത് 'വൻ പണി'; മലപ്പുറം സ്വദേശി 33 ലക്ഷം തട്ടിയ കേസിൽ പിടിയിൽ

By Web Team  |  First Published Oct 6, 2024, 5:28 PM IST

ഒരു വെബ്‍സൈറ്റിൽ രജിസ്റ്റ‍ർ ചെയ്യിക്കുകയും പിന്നീട് റസ്റ്റോറന്റുകൾക്ക് റേറ്റിങ് നൽകാൻ ഏൽപ്പിക്കുകയുമായിരുന്നു.


കല്‍പ്പറ്റ: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ വാക്കാട് കുട്ടിയായിന്റെപുരക്കല്‍ കെ.പി. ഫഹദിനെയാണ് (28) വയനാട് സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത്. ടെലഗ്രാമില്‍ കണ്ട പാര്‍ട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിൽ അകപ്പെടുന്നത്. 

പാർട് ടൈം ജോലിക്കായി ബന്ധപ്പെട്ട പരാതിക്കാരനെ കൊണ്ട് yumdishes എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. തുടര്‍ന്ന്, വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിങ് റിവ്യൂ നൽകാനായിരുന്നു നിർദേശം. ഇതിന് പ്രതിഫലമായി വലിയ തുകകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് 33 ലക്ഷം രൂപ ഇയാളിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. 2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി പല തവണകളിലായിട്ടാണ് പണം തട്ടിയതെന്നും പറയുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാവുന്നത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!