കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള റോഡ് കയ്യേറി പാലം നിർമിച്ചതായി പരാതി

By Sithara Sreelayam  |  First Published May 8, 2024, 8:58 AM IST

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ കെ എസ് ആർ ടി സി ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.


ഇടുക്കി: കുമളി കെ എസ് ആർ ടി സി ഡിപ്പോയിലേക്കുള്ള റോഡ് കയ്യേറി സ്വകാര്യവ്യക്തി അനധികൃത പാലം നിർമ്മിച്ചതായി പരാതി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റത്തിന് പിന്നിലെന്നാണ് ആരോപണം. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ കെ എസ് ആർ ടി സി ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.

തെരഞ്ഞെടുപ്പ് ദിവസം സർക്കാർ ഓഫിസുകളും ഉദ്യോഗസ്ഥരുമില്ലാത്തത് മുതലെടുത്തായിരുന്നു നിർമാണം. പൂർണമായും കെ എസ് ആർ ടി സിയുടെ ഉടമസ്ഥതയിലുള്ള റോഡിലാണ് നിർമാണം. റോഡ് നിർമിച്ചപ്പോൾ ഒരു ഭാഗം തോടും മറുഭാഗത്ത് രണ്ടു താമസക്കാരുമാണ് ഉണ്ടായിരുന്നത്. ഈ താമസക്കാർക്കും റോഡ് ഉപയോഗിക്കാൻ അനുമതി നൽകിയാണ് നിർമാണം നടത്തിയത്. തോടിന്‍റെ ഭാഗത്ത് കൈവരികൾ നിർമ്മിച്ച് പരസ്യ ബോർഡുകളും സ്ഥാപിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് കൈവരികൾ നശിച്ചു. ഈ ഭാഗത്താണ് തോടിൻറെ മറുകരയിൽ നിന്നും പഞ്ചായത്തിൻറെ അനുമതി പോലും വാങ്ങാതെ റോഡിലേക്ക് സ്വകാര്യ വ്യക്തി പാലം നിർമിച്ചത്.

Latest Videos

undefined

സംഭവം സംബന്ധിച്ച് മാനേജിംഗ് ഡയറക്ടർക്കും കുമളി പഞ്ചായത്തിനും ഡിപ്പോ അധികൃതർ പരാതി നൽകി. ഒഴിപ്പിക്കാനെത്തിയപ്പോൾ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തി വാഹനമിട്ട് തടസ്സപ്പെടുത്താൻ ശ്രമിച്ചു. പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. തുടർന്ന് പാലത്തിലേക്കുള്ള വഴിയടച്ച് കെ എസ് ആർ ടി സി വേലി കെട്ടി. സിഎംഡിയുടെ നിർദേശത്തിനനുസരിച്ചു കയ്യേറ്റം ഒഴിപ്പിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് ആർ ടി സി അധികൃതർ വ്യക്തമാക്കി. 

 

tags
click me!