ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് ആണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരത്തിന് പോയി മടങ്ങി വരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെയാണ് അപകടം ഉണ്ടായത്.
ഇടുക്കി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് ആണ് മരിച്ചത്. 47 വയസായിരുന്നു.
ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിക്കാനായി തിരുവനന്തപുരത്തിന് പോയി മടങ്ങി വരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെയാണ് അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. അപകട സമയത്ത് വർഗീസിന് ഹൃദയാഘാതവുമുണ്ടായി. അപകട സമയത്ത് മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പ്രസാദ് മാണി, ബിനോയി നടുപ്പറമ്പിൽ എന്നിവരാണ് വര്‍ഗീസിനൊപ്പം ഉണ്ടായിരുന്നത്. ഇവരുവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
എക്കാലവും ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻചാണ്ടിക്ക് വികാരനിർഭര യാത്രാമൊഴിയാണ് ജനങ്ങള്‍ നല്‍കുന്നത്. പുതുപ്പള്ളിയിലേക്കുള്ള വാഹനവ്യൂഹം നിലവില്‍ കൊല്ലം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ജന്മനാടായ കോട്ടയം പുതുപ്പളിയിലേക്കുള്ള പ്രിയനേതാവിന്‍റെ അവസാന യാത്ര ജനപ്രവാഹം കാരണം മണിക്കൂറുകൾ വൈകി നീങ്ങുകയാണ്. 8 മണിക്കൂർ നേരമെടുത്താണ് വിലാപയാത്ര തിരുവനന്തപുരം പിന്നിട്ടത്. റോഡിനിരുപുറവും മഴയെപ്പോലും അവഗണിച്ച് പുലർച്ചെ മുതൽ കാത്തുനിൽക്കുന്ന ജനക്കൂട്ടത്തിന്റെ അന്ത്യാദരം ഏറ്റുവാങ്ങി വിലാപയാത്ര കോട്ടയത്ത് എത്താൻ രാത്രിയാകും.
രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.25 നാണ് അന്തരിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തേരിയിൽ നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരിക്കും സംസ്കാരം. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.